മലപ്പുറം: മലപ്പുറം കുറ്റിപ്പുറം മഞ്ചാടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അമിത വേഗത്തിൽ എത്തിയ കാർ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്ക് ഓടിച്ച പുത്തനത്താണി സ്വദേശി അബ്ദുൽ ഖാദർ തൽക്ഷണം മരിച്ചു. ഇദ്ദേഹത്തിന്‍റെ ഭാര്യ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അപടകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്
ഇന്നലെ വൈകീട്ടായിരുന്നു അപകടം നടന്നത്. കുറ്റിപ്പുറത്ത് നിന്നും തിരൂരിലേക്ക് പോകുന്ന വഴിയിൽ മഞ്ചാടിയിലാണ് അപകടം നടന്നത്. ബൈക്ക് യാത്രക്കാരെ ഇന്നോവ കാര്‍ ഇടിച്ച് തെറിപ്പിക്കുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരി മുകളിലേക്ക് തെറിച്ച് പോകുന്നതും സിസിടിവി ദൃശ്യത്തില്‍ കാണാം .
ഇന്നലെ, തലസ്ഥാനത്തും സമാനമായ രീതിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. തിരുവനന്തപുരം നഗരൂരിലുണ്ടായ വാഹനാപകടത്തിൽ അച്ഛനും മകനുമാണ് മരിച്ചു. സംഭവത്തിൽ തിരുവനന്തപുരം പള്ളിക്കൽ മടവൂർ സ്വദേശികളായ ഷിറാസ് (30), ജാഫർഖാൻ (42) എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പ്രതികൾ രണ്ട് പേരും വ്യാപാരികളാണ്. അമിത വേഗതയിലെത്തിയ ആഢംബര വാഹനം ഓടിച്ചത് ഷിറാസായിരുന്നു. പ്രതികളുടെ രക്തപരിശോധന നടത്തിയതിൽ നിന്നും ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു.