പൂച്ചയുടെ ശബ്ദം ഉറക്കംകെടുത്തിയെന്ന് ആരോപിച്ച് അയൽവാസിയെ തീകൊളുത്തി കൊന്നു




News Desk

ഹൈദ്രബാദ് :വളർത്തു പൂച്ചയുടെ അലർച്ചയും ബഹളവും സഹിക്കാനാവാതെ പൂച്ചയുടെ ഉടമയെ കൗമാരക്കാരൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്നു. പൂച്ചയുടെ അസഹനീയമായ കരച്ചിലാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പൂച്ചയുടെ ഉടമയായ ഇജാസ് ഹുസൈന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. 17 വയസ്സുകാരനാണ് കേസിലെ പ്രധാന പ്രതി. അപകടമരണമായി വരുത്തി തീർക്കാൻ ശ്രമിച്ചെങ്കിലും വിജിലൻസിന്റെ അന്വേഷണത്തിൽ ആണ് സംഭവത്തിന്റെ ചുരുളുകൾ അഴിഞ്ഞത്.

രംഗ റെഡ്ഡി ജില്ലയിലെ കോതുരു മണ്ഡലിലെ നല്ലപൂർ സ്വദേശി ഹരിശ്വർ റെഡ്ഡി എന്ന യുവാവും പതിനേഴുകാരനും ഡോ.മേനോന്റെ എന്നയാളുടെ വീട്ടിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. മിഥിലനഗർ എന്ന സ്ഥലത്തായിരുന്നു താമസം. അസം സ്വദേശിയായ ഇജാസ് ഹുസൈനും ഇയാളുടെ സുഹൃത്തായ ബ്രാൻ സ്റ്റില്ലിംഗ് എന്ന ആളും ഇതേ വീട്ടിൽ തൊട്ടടുത്ത മുറിയിലായിരുന്നു വാടകയ്‌ക്ക് താമസിച്ചിരുന്നത്. ഇവർ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്നു. ഈ മാസം 20ന് രാത്രിയിൽ ജോലികഴിഞ്ഞ് മടങ്ങവേ ഇജാസും ബ്രൗണും വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു പൂച്ചയെ കണ്ടു. അവർ അതിനെ വീട്ടിലേക്ക് കൊണ്ടു വരികയും ചെയ്തു. എന്നാൽ ഈ പൂച്ചയുടെ കരച്ചിലിനെ തുടർന്ന് ഉറക്കം നഷ്ടമായ ഹരീശ്വർ റെഡ്ഡി പ്രകോപിതനാകുകയും മദ്യലഹരിയിലായിരുന്ന കൗമാരക്കാരൻ ദേഷ്യത്തോടെ അവരുടെ മുറിയിലേക്ക് പോയി ഇജാസുമായി വഴക്കിടുകയും ചെയ്തു. തുടർന്ന് ഇവർ തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ പ്രതി ഇജാസ് ഹുസൈനെ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയും ചെയ്തു. ഗുരുതരമായി പൊള്ളലേറ്റ ഇജാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ഇജാസ് മരിച്ചത്.
ശനിയാഴ്ച ആണ് സംഭവം പുറം ലോകമറിയുന്നത്. നഗരത്തിലെ ബഞ്ചാര ഹിൽസ് പോലീസിൽ ഇജാസിന്റെ സുഹൃത്ത് പരാതി നൽകിയിരുന്നു. എന്നാൽ ഇജാസ് അബദ്ധത്തിൽ തീ കൊളുത്തിയതാണെന്ന് പ്രതികൾ വരുത്തി തീർക്കാൻ ശ്രമിക്കുകയായിരുന്നു. ഇജാസിന്റെ സുഹൃത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കൊലപാതകം ആണെന്ന് സംശയം തോന്നിയ പോലീസ് ഉടൻ അന്വേഷണം ആരംഭിച്ചു. തുടർന്നാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവന്നത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റസമ്മതം നടത്തുകയും ചെയ്തു. പ്രതികളായ ഹരീശ്വർ റെഡ്ഡിയെയും പതിനേഴുകാരനെയും കൊലക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് ഇജാസിനെ തീകൊളുത്തി കൊന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.