ന്യൂഡൽഹി: ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് മത്സരങ്ങൾ എക്കാലത്തും തീപാറും പോരാട്ടങ്ങളാണ്. മത്സരത്തിന് മുമ്പ് തന്നെ ആവേശം വാനോളം ഉയരുന്നതാണ് പതിവ്. അത്തരത്തിലൊരു മത്സരത്തിന്റെ ഓർമകൾ പങ്കുവെച്ചിരിക്കുകയാണ് പാക് ക്രിക്കറ്റ്താരം ശുഹൈബ് അക്തർ. 1999ലെ മൊഹാലി ഏകദിനത്തിന്റെ ഓർമ്മകളാണ് സ്റ്റാർ സ്പോർട്സ് സംഘടിപ്പിച്ച പരിപാടിയിൽ അക്തർ പങ്കുവെച്ചിരിക്കുന്നത്.
മത്സരത്തിന് മുമ്പുള്ള ടീം മീറ്റിങ്ങിൽ ഷോർട്ട് പിച്ച് ബോളുകളിലൂടെ ഇന്ത്യൻ ബാറ്റർമാരെ നേരിടാൻ തനിക്ക് നിർദേശം ലഭിച്ചുവെന്ന് അക്തർ വെളിപ്പെടുത്തി. കളിക്കാരുടെ ശരീരത്തോട് ചേർന്ന് പന്തെറിയാനും ആവശ്യപ്പെട്ടു. ഗാംഗുലിയുടെ വാരിയെല്ലിനെ ലക്ഷ്യമിട്ട് പന്തെറിയാനായിരുന്നു ലഭിച്ച നിർദേശം. ഗാംഗുലിലെ ഔട്ടാക്കുകയായിരുന്നില്ല തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
താൻ പന്തെറിഞ്ഞതിൽ ഏറ്റവും ധീരനായ ക്രിക്കറ്ററാണ് ഗാംഗുലിയെന്നും അക്തർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. തന്റെ ഷോർട്ട് പിച്ച് പന്തുകളെ ഒരിക്കലും ഗാംഗുലി ഭയപ്പെട്ട് പിന്മാറിയില്ല. മനോഹരമായി തന്നെ പന്തുകളിൽ അദ്ദേഹം റൺസെടുത്തുവെന്നും അക്തർ പറഞ്ഞു.