ലോകത്തിലെ ഏറ്റവും വലിയ ആരാധനാലയം ബംഗാളില്‍ ഒരുങ്ങുന്നു




News Desk

കൊല്‍ക്കത്ത: ലോകത്തിലെ ഏറ്റവും വലിയ മത സ്മാരകം പശ്ചിമ ബംഗാളിലൊരുങ്ങുന്നു. ബംഗാളിലെ നാദിയ ജില്ലയിലെ മായാപുരില്‍ നിര്‍മ്മാണത്തിലുള്ള 'ടെമ്പിള്‍ ഓഫ് വേദിക് പ്ലാനറ്റോറിയ'മാണ് ലോകത്തിലെ ഏറ്റവും വലിയ മത സ്മാരകമാകാന്‍ ഒരുങ്ങുന്നത്. നിലവില്‍ കമ്പോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രമാണ് ഈ പദവിയിലുള്ളത്. 2024ല്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ ഈ സ്ഥാനം വേദിക് പ്ലാനറ്റോറിയത്തിനാകും ലഭ്യമാകുക.

ഇസ്‌കോണ്‍ (ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസ്) എന്ന ഹിന്ദു സംഘടനയാണ് സ്മാരകത്തിന്റെ നിര്‍മ്മാണ പദ്ധതി ഏറ്റെടുത്തിരിക്കുന്നത്. വിഖ്യാത കാര്‍നിര്‍മ്മാണ കമ്പനിയായ ഫോര്‍ഡിന്റെ സ്ഥാപകന്‍ ഹെന്‍ റി ഫോര്‍ഡിന്റെ കൊച്ചു മകന്‍ ആല്‍ഫ്രഡ് ഫോര്‍ഡാണ് ഈ സ്വപ്‌ന പദ്ധതിക്ക് പിന്നില്‍. നിലവില്‍ ഇസ്‌കോണ്‍ ചെയര്‍മാനായ അദ്ദേഹം 1975ലാണ് ഇസ്‌കോണ്‍ അംഗമാകുന്നത്. ഇസ്‌കോണ്‍ സ്ഥാപകനായ ശ്രീല പ്രഭുപദയുടെ അനുയായിയായ അദ്ദേഹം പിന്നീട് അംബരീഷ് ദാസ് എന്ന പേര് സ്വീകരിച്ചു. പ്രഭുപദയുടെ വീക്ഷണത്തോട് ആഭിമുഖ്യം പ്രകടിപ്പിച്ച് മായാപുരിനെ ഇസ്‌കോണിന്റെ ആസ്ഥാനമാക്കി 30 ദശലക്ഷം ഡോളര്‍ സംഭാവന ചെയ്തു. ലോകമെമ്പാടും സഞ്ചരിച്ചാണ് പ്ലാനറ്റോറിയത്തിന്റ നിര്‍മ്മാണത്തിനുള്ള പണം അംബരീഷ് ദാസ് ശേഖരിച്ചത്.

12-ാം നൂറ്റാണ്ടില്‍ നിര്‍മ്മിതമായ അങ്കോര്‍ വാട്ട് ക്ഷേത്രത്തിന്റെ മതപരമായ രൂപകല്‍പനയേക്കാള്‍ മികച്ചതാകും വേദിക് പ്ലാനറ്റോറിയത്തിന്റെ ഡിസൈനെന്നാണ് അവകാശവാദങ്ങള്‍. താജ് മഹലിനേക്കാളും വത്തിക്കാനിലെ സെന്റ് പോള്‍സ് കത്തീഡ്രലിനെക്കാളും വലുപ്പമേറിയതാണ് വേദിക് പ്ലാനറ്റോറിയം. ഗംഗാ നദീ തീരത്തൊരുങ്ങുന്ന നിര്‍മ്മിതിയിലൂടെ ഭാരതത്തിന്റെ വേദ സംസ്‌കാരത്തെയും പാരമ്പര്യത്തെയും കുറിച്ചുള്ള അറിവ് എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് ഇസ്‌കോണ്‍ ലക്ഷ്യമിടുന്നത്.

'പ്രധാനമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ക്ഷേത്രത്തിന്റെ അകത്തളത്തിന്റ നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഒരേ സമയം 10,000 പേര്‍ക്ക് അകത്ത് നിന്ന് ദര്‍ശനം നടത്താന്‍ കഴിയുമെന്ന പ്രത്യേകതയുണ്ട്. ക്ഷേത്രത്തിന്റെ അകം ഒരു ഫുട്‌ബോള്‍ ഗ്രൗണ്ടിനേക്കാള്‍ വലുതാണ്', ഇസ്‌കോണ്‍ കൊല്‍ക്കത്ത ഉപാധ്യക്ഷന്‍ രാധാരമണ്‍ ദാസ് പറഞ്ഞു.

5,20,000 ചതുരശ്ര അടി സ്ഥലത്ത് 2009 സെപ്റ്റംബറിലാണ് വേദിക് ക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിച്ചത്. 2022 ലെ ഗുരുപൂര്‍ണിമയോടനുബന്ധിച്ച് ഇതിന്റെ ഉദ്ഘാടനം നടത്താനായിരുന്നു പദ്ധതി എങ്കിലും കൊവിഡ് സാഹചര്യം മൂലം 2024ലേക്ക് മാറ്റുകയായിരുന്നു