ജോലി തേടിയെത്തിയ 16 കാരിയെ റൂമിൽ ബന്ദിയാക്കി ഒരു വർഷത്തോളം കൂട്ടബലാത്സംഗം ചെയ്തു




News Desk

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒരു വർഷത്തോളം ബന്ദിയാക്കി കൂട്ടബലാത്സംഗം ചെയ്തു. ജോലി തേടിയെത്തിയ കുട്ടിയെ മയക്കുമരുന്ന് നൽകി തട്ടിക്കൊണ്ടു പോവുകയും, ഉത്തർപ്രദേശ് സ്വദേശിക്ക് വിൽക്കുകയായിരുന്നു. സംഭവത്തിൽ മഥുര ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്നായി ഒരു സ്ത്രീ ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.



ഛത്തീസ്ഗഡിലെ ജാൻജ്ഗിർ ചമ്പ ജില്ലയിലെ ഒരു ചെറു ഗ്രാമത്തിലാണ് പെൺകുട്ടിയുടെ വീട്. ദാരിദ്ര്യം മൂലം നഗരത്തിൽ ജോലി ചെയ്ത് കുടുംബം പോറ്റാൻ അവൾ ആഗ്രഹിച്ചിരുന്നു. സുഹൃത്തിനോട് ഇക്കാര്യം പറയുകയും, സുഹൃത്ത് പെൺകുട്ടിയെ ബിലാസ്പൂർ ജില്ലയിലെ തൻ്റെ അമ്മായിയുടെ വീട്ടിൽ എത്തുകയും ചെയ്തു. പെൺകുട്ടിയുടെ അവസ്ഥ മനസിലാക്കിയ സ്ത്രീ സഹായിക്കാമെന്ന് ഉറപ്പ് നൽകി. മഥുരയിൽ നിന്നുള്ള രണ്ട് പുരുഷന്മാർക്ക് പെൺകുട്ടിയെ 
പരിചയപ്പെടുത്തി കൊടുത്തു.

ഉത്തർപ്രദേശ് സ്വദേശിക്ക് വിൽക്കാൻ ഒരു യുവതിയെ അന്വേഷിച്ച് നടക്കുകയായിരുന്നു ഇവർ. പെൺകുട്ടികളെ കണ്ടെത്തി നൽകാൻ ഈ സ്ത്രീയോടും സംഘം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ബിലാസ്പൂരിൽ എത്തിയ പ്രതികൾ ജോലി നൽകാമെന്ന് പറഞ്ഞ് കുട്ടിയെ കാണാനെത്തി. ആലോചിക്കാൻ സമയം വേണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടു. ഇതോടെ മയക്കുമരുന്ന് നൽകി കുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു.

പിന്നാലെ ഉത്തർപ്രദേശ് സ്വദേശിക്ക് 80,000 രൂപയ്ക്ക് പെൺകുട്ടിയെ വിറ്റു. 18 തികഞ്ഞതായി വരുത്തിത്തീർക്കാൻ വ്യാജ ആധാർ കാർഡും ഉണ്ടാക്കി. അപ്പോഴേക്കും കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ പരാതി നൽകിയിരുന്നു. ഉത്തർപ്രദേശ് സ്വദേശിയും ഇയാളുടെ സഹോദരനും ചേർന്ന് പതിനാറുകാരിയെ ആവർത്തിച്ച് ബലാത്സംഗം ചെയ്തു. ഒരു വർഷത്തോളം ഭീകരത തുടർന്നതായി പൊലീസ് പറയുന്നു.

പെൺകുട്ടി ചൈൽഡ് ലൈനുമായി ബന്ധപ്പെടുകയും ശിശു സംരക്ഷണ ഉദ്യോഗസ്ഥരുടെ ഒരു സംഘം രക്ഷപ്പെടുത്തുകയും ചെയ്തു. കാണാതായവരുടെ പട്ടികയിൽ നിന്ന് കുട്ടിയെ തിരിച്ചറിഞ്ഞ അവർ ജഞ്ച്ഗിർ ചമ്പ പൊലീസുമായി ബന്ധപ്പെട്ടു. പിന്നാലെ വനിതാ പൊലീസുകാർ ഉൾപ്പെടെയുള്ള സംഘം മഥുരയിൽ എത്തി പെൺകുട്ടിയെ ഛത്തീസ്ഗഡിൽ എത്തിച്ചു. പോക്‌സോ ആക്‌ട്, ഐപിസി സെക്ഷൻ 370 (കടത്ത്), 376 (കൂട്ടബലാത്സംഗം), 354 (പീഡനം), 363 (തട്ടിക്കൊണ്ടുപോകൽ), 366 (വിവാഹത്തിനുവേണ്ടി തട്ടിക്കൊണ്ടുപോകൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് നാലുപേർക്കെതിരെയും കേസെടുത്തിരിക്കുന്നത്