മുംബൈ: അഭിനയവും സിനിമാലോകവും ഉപേക്ഷിച്ച് ആത്മീയ ശൈലി പിന്തുടരാനുള്ള കാരണം തുറന്ന് പറഞ്ഞ് സനാ ഖാൻ. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും താൻ അനുഭവിച്ച വിഷാദരോഗത്തെ കുറിച്ചും, ഹിജാബ് ധരിക്കാനുണ്ടായ കാരണത്തെ കുറിച്ചും സനാ ഖാൻ തുറന്നു പറയുന്നു. അടുത്തിടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് സനയുടെ തുറന്നുപറച്ചിൽ.
പണവും പ്രശസ്തിയും ഉണ്ടായിട്ടും സന്തുഷ്ടയായിരുന്നില്ല എന്നാണ് നടി പറയുന്നത്. വിഷാദരോഗത്തിന് അടിമയായ ദിവസങ്ങളുണ്ടായിരുന്നു. 2019 ലെ റമദാൻ മാസത്തിൽ സ്വപ്നത്തിൽ സ്ഥിരമായി ഖബര്‍ (ശവക്കുഴി) കാണാൻ തുടങ്ങി. കത്തിജ്ജ്വലിക്കുന്ന ഖബറില്‍ എരിഞ്ഞടങ്ങുന്ന തന്നെ തന്നെയായിരുന്നു സന കണ്ടത്. 'ഞാൻ മാറിയില്ലെങ്കിൽ എന്റെ അന്ത്യം ഇങ്ങനെയായിരിക്കുമെന്ന് ദൈവം തരുന്ന സൂചനയാണിതെന്ന് എനിക്ക് തോന്നി. അത് എന്നെ ആശങ്കപ്പെടുത്തി'... സന പറയുന്നു.
'തുടർന്നുകൊണ്ടിരിക്കുന്ന ജീവിതത്തിലും ജീവിതരീതിയിലും മാറ്റമുണ്ടായില്ലെങ്കിൽ, തന്റെ അവസാനം ഇങ്ങനെ ആയിരിക്കുമെന്ന് ദൈവം മുന്നറിയിപ്പ് നൽകിയത് പോലെ തോന്നി. ഒരു ദിവസം മനോഹരമായ ഒരു കാര്യം വായിച്ചു. അതിൽ ഹിജാബിനെ കുറിച്ചായിരുന്നു പറഞ്ഞത്. അന്ന് എന്റെ ജന്മദിനമായിരുന്നു. വീട്ടിൽ ഞാൻ മുമ്പ് വാങ്ങി വെച്ച കുറേ സ്‌കാർഫുകൾ ഉണ്ടായിരുന്നു. സ്‌കാർഫ് ഞാൻ ധരിച്ചു. ഇതൊരിക്കലും അഴിക്കില്ലെന്ന് ഞാൻ സ്വയം പറഞ്ഞു.' സന പറയുന്നു.
സൽമാൻ ഖാൻ നായകനായ ജയ് ഹോ അടക്കുമുള്ള ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷമാണ് സന ചെയ്തിരുന്നത്. തുടർന്ന് ബിഗ് ബോസ് 6 ന്റെ ഫൈനലിസ്റ്റുമാകുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് സിനിമ ജീവിതം ഉപേക്ഷിക്കുകയാണെന്ന് സന വ്യക്തമാക്കിയത്. 2020ൽ സന മുഫ്തി അനസ് സയ്യിദിനെ വിവാഹം കഴിച്ചു. അടുത്തിടെ സനയും ഭർത്താവ് അനസ് സെയ്ദും ഹജ്ജ് നിര്‍വഹിച്ചിരുന്നു. ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമെന്നാണ് സന ഹജ്ജ് അനുഭവത്തെകുറിച്ച് പറഞ്ഞത്.