ആലപ്പുഴ: ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെതിരെ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസും മുസ്ലീം ലീഗും. ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീറാം വെങ്കിട്ടരാമൻ അധ്യക്ഷത വഹിക്കുന്ന ഔദ്യോഗിക പരിപാടി ബഹിഷ്കരിക്കുകയാണെന്ന് ഇരുപാര്‍ട്ടികളും പ്രഖ്യാപിച്ചു.
നാളെ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളി കമ്മിറ്റി യോഗമാണ് കോൺഗ്രസും മുസ്ലീം ലീഗും ബഹിഷ്കരിക്കുന്നത്. പത്രപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ ശ്രീറാമിനെ കലക്ടറായി നിയമിച്ചതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ബഹിഷ്കരണം.
ജില്ലാ കലക്ടർ എന്ന നിലയിൽ ശ്രീറാം വെങ്കിട്ടരാമനാണ് നെഹ്റു ട്രോഫി വള്ളംകളി കമ്മിറ്റിയുടെ ചെയർമാൻ. വള്ളംകളിയുടെ വിജയകരമായ നടത്തിപ്പിനായി വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ ഉൾപ്പെടുന്ന യോഗം ആലപ്പുഴ ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ക്കാറുണ്ട്. ഈ യോഗങ്ങളിൽ രാഷ്ട്രീയം മാറ്റിവച്ച് എല്ലാവരും ഒരുമിച്ച് സഹകരിക്കുന്നതായിരുന്നു ഇതുവരെയുള്ള പതിവ്. കളക്ടറോടുള്ള എതിര്‍പ്പ് മൂലം ഇതാദ്യമായിട്ടാണ് രാഷ്ട്രീയ കക്ഷികൾ യോഗത്തിൽ നിന്നും വിട്ടു നിൽക്കേണ്ടി വരുന്നത്.