മംഗളുരുവിനടുത്ത് യുവാവ് വെട്ടേറ്റ് മരിച്ചു; കൊല നടത്തിയത് കാറിലെത്തിയ നാലംഗസംഘം




News Desk

മംഗളൂരു: മംഗളൂരുവിനടുത്തുള്ള സൂറത്ത്കല്ലിൽ  യുവാവ് വെട്ടേറ്റ് മരിച്ചു. മംഗൽപെട്ട ചൊർക്കള സ്വദേശി ഫാസിലാണ് മരിച്ചത്. കാറിലെത്തിയ നാലംഗ സംഘമാണ് കൊല നടത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൂടെയുള്ള ആളുമായി സംസാരിച്ചു കൊണ്ടിരിക്കെയായിരുന്നു ആക്രമണം. കാറിലെത്തിയ സംഘം ഫാസിലിനെ ഓടിച്ചിട്ടു വെട്ടുകയായിരുന്നു.

അതേസമയം സുള്ള്യയിലെ യുവമോർച്ച പ്രവർത്തകൻ പ്രവീണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സാക്കിർ സാവനൂർ ,മുഹമ്മദ് ഷഫീഖ് എന്നിവരാണ് അറസ്റ്റിലായത്. കാസർഗോഡ് സ്വദേശികൾ ഉൾപ്പെടെ ഇരുപതോളം പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെല്ലാം എസ്.ഡി.പി.ഐ - പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്നാണ് പൊലീസ് നൽകുന്ന സൂചന.

യുവമോര്‍ച്ച പ്രവർത്തകൻ പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തില്‍ പ്രതികളെ തേടി അന്വേഷണ സംഘം കേരളത്തിലേക്ക് എത്തിയിട്ടുണ്ട്. കേരള റജിസ്‌ട്രേഷനിലുള്ള ബൈക്കിലാണ് അക്രമികള്‍ എത്തിയതെന്ന
മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് കാസർഗോഡ് സ്വദേശികൾ ഉൾപ്പെടെ ഇരുപതോളം പേരെ കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.