ഹരിദ്വാർ: ഹരിദ്വാറിൽ വാഹനത്തെ മറികടന്നു എന്നാരോപിച്ച് ഉത്തർപ്രദേശിൽ നിന്നുള്ള കൻവാർ യാത്രികനായ സൈനികനെ ഹരിയാനയിൽ നിന്നുള്ള തീർഥാടകരുടെ സംഘം കൊലപ്പെടുത്തി. ഇന്ത്യൻ സൈന്യത്തിലെ ജാട്ട് റെജിമെന്‍റിലെ കാർത്തിക് (25) എന്ന സൈനികനാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ആറുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്.
മുസാഫർനഗർ ജില്ലയിലെ സിസൗലി സ്വദേശിയായ കാർത്തികും ഹരിയാനയിൽ നിന്നുള്ള കൻവാർ യാത്രികരും തമ്മിൽ ബൈക്കുകളിൽ മത്സര ഓട്ടം നടത്തുകയായിരുന്നു. കാർത്തികിന്‍റെ ബൈക്ക് ഇവരെ മറികടന്നു. ഇതിൽ പ്രകോപിതരായ സംഘം സൈനികനെ ഇരുമ്പ് ദണ്ഡ് കൊണ്ട് അക്രമിച്ചു. പരിക്കേറ്റ കാർത്തിക്കിനെ ആശുപത്രിയിലേക്ക് കൊണ്ടുപേകവെ മരണം സംഭവിക്കുകയായിരുന്നെന്ന് അധിതകൃതർ അറിയിച്ചു.
ഹരിയാനയിലെ പാനിപ്പത്ത് ജില്ലയിലെ ചുൽക്കാന സ്വദേശികളായ സുന്ദർ, രാഹുൽ,സച്ചിൻ, ആകാശ്, പങ്കജ് , റിങ്കു എന്നിവരാണ് പ്രതികളെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.