വരാപ്പുഴ: ഖത്തറിൽ ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുപോയ യുവാവ് മയക്കുമരുന്ന് കടത്തുകേസിൽ അറസ്റ്റിലായ സംഭവത്തിൽ മൂന്നുപേർ പിടിയിൽ. യുവാവിനെ ഉപയോഗിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തത്. ആലുവ എടത്തല എൻ.എ.ഡി കൈപ്പിള്ളി വീട്ടിൽ നിയാസ് (33), കോതമംഗലം ഇരമല്ലൂർ നെല്ലിക്കുഴി നാലകത്ത് വീട്ടിൽ ആഷിഖ് (25), കോട്ടയം വൈക്കം അയ്യർകുളങ്ങര കണ്ണംകുളത്ത് വീട്ടിൽ രതീഷ് (26) എന്നിവരെയാണ് വരാപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. വരാപ്പുഴ സ്വദേശി യശ്വന്താണ് മൂവർ സംഘത്തിന്റെ ചതിയിൽപെട്ട് മയക്കുമരുന്ന് കേസിൽ ഖത്തറിൽ ജയിലിലായത്.
ലോകകപ്പിനോടനുബന്ധിച്ച് ഖത്തറിൽ നിരവധി തൊഴിൽഅവസരങ്ങളുണ്ടെന്ന് പറഞ്ഞാണ് സംഘം യശ്വന്തിനെ കൊണ്ടുപോയത്. വിസയും ടിക്കറ്റും സൗജന്യമാണെന്നും പറഞ്ഞിരുന്നു. ദുബൈയിൽവെച്ച് യശ്വന്തിന് മയക്കുമരുന്ന് അടങ്ങിയ പൊതി നൽകി. ഇത് ഖത്തറിൽവെച്ച് പൊലീസ് പിടികൂടി ജയിലിലാക്കുകയായിരുന്നുവെന്ന് യശ്വന്തിന്റെ മാതാവ് ജില്ല പൊലീസ് മേധാവി വിവേക് കുമാറിന് നൽകിയ പരാതിയിൽ പറയുന്നു.
എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. സമാനസംഭവവുമായി ബന്ധപ്പെട്ട് ഷമീർ എന്ന ഉദ്യോഗാർഥിയും ഖത്തറിൽ പിടിയിലായിട്ടുണ്ട്.