കോഴിക്കോട്: 'സിറാജ്' ദിനപത്രത്തിന്റെ ഖത്തർ എഡിഷൻ പൂട്ടിച്ചതിന് പിന്നിൽ ആരാണെന്ന് തങ്ങൾക്കറിയില്ലെന്ന് കാന്തപുരം ഏപി വിഭാഗം നേതാവും സിറാജ് ഡയറക്ടറുമായ മജീദ് കക്കാട്. 2018 ഫെബ്രുവരി 17നാണ് പത്രത്തിന്റെ പ്രസിദ്ധീകരണത്തിന് അനുമതിയില്ലെന്ന് ഖത്തർ സാംസ്‌കാരിക മന്ത്രാലയം അറിയിക്കുന്നത്. അതിന് പിന്നിൽ പല സംഘടനകളുടെയും പേരുകൾ പറഞ്ഞു കേട്ടിരുന്നു. എന്നാൽ, സിറാജ് പൂട്ടിച്ചതിന് പിന്നിൽ പ്രവർത്തിച്ച കറുത്ത കരങ്ങൾ ആരുടേതാണെന്ന് സംബന്ധിച്ച് തങ്ങളുടെ കൈയിൽ തെളിവുകളില്ലാത്തതിനാൽ ആർക്കെതിരെയും ആരോപണമുന്നയിക്കാൻ തങ്ങൾ തയാറല്ലെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറിൽ സിറാജ് പൂട്ടിച്ചതിൽ മാധ്യമത്തിന്റെ കറുത്ത കരങ്ങൾ പ്രവർത്തിച്ചെന്ന ബോധ്യമുള്ളതു കൊണ്ടാണ് കാന്തപുരത്തിന്റെ അനുയായികൾ മാധ്യമത്തെ പ്രതിരോധിക്കാൻ തയാറാവത്തതെന്ന് കെ.ടി ജലീൽ ഇന്ന് ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ '24 ന്യൂസ്' ചാനലിന്റെ എൻകൗണ്ടർ പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു മജീദ്. ഖത്തറിൽ സിറാജ് പൂട്ടിച്ചതിന് പിന്നിൽ 'മാധ്യമം' മാനേജ്‌മെന്റ് ആണെന്ന് മുതിർന്ന മാധ്യമപ്രവർത്തകനായ ഒ. അബ്ദുല്ല ആരോപണം ഉന്നയിക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്തിരുന്നു. താൻ 'മാധ്യമം' വിട്ട് എത്രയോ വർഷങ്ങൾക്ക് ശേഷമാണ് സിറാജ് ഖത്തറിൽ എഡിഷൻ തുടങ്ങുന്നതെന്നും സിറാജ് പൂട്ടിക്കാൻ മാധ്യമം എന്തെങ്കിലും ഇടപെടൽ നടത്തിയതായി തനിക്ക് വ്യക്തിപരമായി അറിയില്ലെന്നും അദ്ദേഹം പിന്നീട് പറഞ്ഞു.