ബംഗളൂരു: മംഗളൂരുവില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയതിനെ തുടർന്ന് സൂറത്കലിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സൂറത്കല്‍ മംഗലപ്പെട്ട സ്വദേശി ഫാസിലാണ് കൊല്ലപ്പെട്ടത്. ഹ്യുണ്ടായി കാറിലെത്തിയ നാലംഘ സംഘമാണ് ഫാസിലിനെ ആക്രമിച്ചത്. അക്രമികള്‍ പോയതിന് ശേഷം നാട്ടുകാര്‍ ഉടന്‍ തന്നെ ഫാസിലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് മുന്‍ എംഎല്‍എ മൊഹിയൂദ്ദിന്‍ ബാവ പറഞ്ഞത്: ''രാത്രി എട്ടരയോടെയാണ് സംഭവം. സുഹൃത്തിന്റെ കടയ്ക്ക് മുന്നില്‍ സംസാരിച്ച് കൊണ്ടിരിക്കുമ്പോഴാണ് കാറിലെത്തിയ നാലംഗസംഘം ഫാസിലിനെ വെട്ടിയത്.''
സംഭവത്തിന് പിന്നാലെ സുള്ള്യയിൽ കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവ് പ്രവീണിന്റെ കൊലയ്ക്ക് പ്രതികാരം ചെയ്‌തെന്ന് ചില സംഘപരിവാര്‍ അനുഭാവികള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടതായി ന്യൂഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. പ്രവീണ്‍ വധത്തിന് പ്രതികാരം ചെയ്യുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സംഘപരിവാര്‍ പ്രൊഫൈലുകള്‍ പ്രചരണം നടത്തിയിരുന്നു. അതേസമയം, സാമ്പത്തിക തര്‍ക്കത്തിന്റെ പേരിലുള്ള കൊലപാതകമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു.
യുവമോർച്ച നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ വര്‍ഗീയ ശക്തികളെ നേരിടാന്‍ വേണ്ടി വന്നാല്‍ യോഗി ആദിത്യനാഥ് മോഡല്‍ കര്‍ണാടകയിലും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രതികരിച്ചിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ ജീവന്‍ സംരക്ഷിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കവെയാണ് ബൊമ്മെ യോഗി മോഡലിനെ പ്രകീര്‍ത്തിച്ചത്. യോഗി സര്‍ക്കാര്‍ സ്വീകരിക്കുന്ന ബുള്‍ഡോസര്‍ നടപടി പോലെയുള്ള ശക്തമായ നടപടികളെയാണ് യോഗി മോഡല്‍ സൂചിപ്പിക്കുന്നത്. പ്രവീണിന്റെ കൊലപാതകത്തിൽ സുള്ള്യ സവനുര്‍ സ്വദേശിയുമായ സക്കീര്‍ (29), ബെല്ലാരെ സ്വദേശി ഷഫീഖ് (27) എന്നിവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.