കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യ-ഖത്തര്‍ വ്യാപാരത്തില്‍ 63 ശതമാനം വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയും ഖത്തറും തമ്മില്‍ 15.03 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് നടന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വ്യാപാരത്തില്‍ 63 ശതമാനം വര്‍ധനവാണുണ്ടായത്. ഇതില്‍ ആറ് ബില്യണ്‍ ഡോളറോളം ഖത്തറില്‍ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്ത പ്രകൃതിവാതകത്തിന്റേതാണ്.
ഇന്ത്യയും ഖത്തറും തമ്മിലുള്ള കരാറനുസരിച്ച് പ്രതിവര്‍ഷം 7.5 മില്യണ്‍ ടണ്‍ പ്രകൃതി വാതകം ഇന്ത്യക്ക് ലഭിക്കും. 2028 വരെയാണ് ഈ കരാറിന്റെ കാലാവധി. എഥിലീന്‍, പ്രൊപലീന്‍, അമോണിയ, യൂറിയ, പോളി എന്നിവയും ഖത്തറില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്.
ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള കയറ്റുമതിയും വര്‍ധിച്ചതായാണ് ഇന്ത്യന്‍ വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. പച്ചക്കറി, മരുന്ന്, സ്റ്റീല്‍ എന്നിവയാണ് ഖത്തര്‍ പ്രധാനമായും ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്നത്. ഖത്തറില്‍ ഇന്ത്യക്കാരുടേതായി 15,000 ത്തോളം ബിസിനസ് സ്ഥാപനങ്ങളുമുണ്ട്. 450 മില്യണ്‍ ഡോളര്‍ ഇന്ത്യന്‍ കമ്പനികള്‍ ഖത്തറില്‍ നിക്ഷേപം നടത്തിയതായും കണക്കുകള്‍ പറയുന്നു.