ഡല്‍ഹി: ആണ്‍കുട്ടിയെ പ്രസവിക്കാത്തതിന് ഭാര്യയെ ചുട്ടുകൊന്ന 48കാരന് യുപി ബുലന്ദ്ഷഹറിലെ കോടതി ബുധനാഴ്ച ജീവപര്യന്തം തടവിന് വിധിച്ചു. രണ്ട് പെൺമക്കളുടെയും മറ്റ് ചില ബന്ധുക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്.
തന്യ(18) ലതിക ബന്‍സാല്‍(20) എന്നീ പെണ്‍കുട്ടികളുടെ ആറു വര്‍ഷം നിയമപോരാട്ടത്തിന്‍റെ ഫലമായാണ് പിതാവായ മനോജ് ബന്‍സാലിന് ശിക്ഷ ലഭിച്ചത്. 2000ത്തിലായിരുന്നു കൊല്ലപ്പെട്ട അനുവും മനോജ് ബന്‍സാലും തമ്മിലുള്ള വിവാഹം. അനു രണ്ടു തവണയും പെണ്‍കുട്ടികള്‍ക്ക് ജന്‍മം നല്‍കിയത് മനോജിന് ഇഷ്ടപ്പെട്ടിരുന്നില്ല. ആണ്‍കുട്ടിയെ വേണമെന്നായിരുന്നു അയാളുടെ ആഗ്രഹം. അഞ്ച് തവണ ഗര്‍ഭഛിദ്രം നടത്തേണ്ടി വന്നിട്ടുണ്ട്. ആണ്‍കുഞ്ഞിനെ പ്രസവിച്ചില്ലെന്ന കാരണത്താല്‍ ഭര്‍ത്താവും ബന്ധുക്കളും അനുവിനെ തുടര്‍ച്ചയായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. 2016 ജൂൺ 14ന് അനുവിനെ മനോജ് തീ കൊളുത്തുന്നത്. മക്കളെ മറ്റൊരു മുറിയില്‍ പൂട്ടിയിട്ട ശേഷമായിരുന്നു ഇയാള്‍ കൃത്യം നടത്തിയത്. അമ്മയെ പിതാവ് ജീവനോടെ കത്തിക്കുന്നത് കുട്ടികള്‍ കാണുകയും ചെയ്തു. ഗുരുതരമായി പൊള്ളലേറ്റ അനു ജൂണ്‍ 20ന് മരിച്ചു.
അനുവിന്‍റെ അമ്മയാണ് കേസിൽ എഫ്.ഐ.ആർ ഫയൽ ചെയ്തത്. കേസിൽ നീതി തേടി അവരുടെ മൂത്ത മകൾ ലതിക അന്നത്തെ മുഖ്യമന്ത്രി അഖിലേഷ് യാദവിന് കത്തെഴുതിയിരുന്നു. സ്വന്തം രക്തം കൊണ്ടായിരുന്നു കത്തിലെ ചില ഭാഗങ്ങള്‍ എഴുതിയിരുന്നത്. ''എന്‍റെ അമ്മ ഞങ്ങളെ ഒരുപാട് കഷ്ടപ്പെട്ട് വളർത്തി, ആ മനുഷ്യൻ അവളെ ജീവനോടെ കത്തിച്ചു. അയാള്‍ ഒരു പിശാചാണ്. 6 വർഷത്തെ പോരാട്ടത്തിനൊടുവിൽ അയാള്‍ക്ക് ശിക്ഷ ലഭിച്ചതില്‍ ഞങ്ങള്‍ ആശ്വസിക്കുന്നു'' ലതിക ഒരു വീഡിയോയില്‍ പറഞ്ഞു