ഗുജറാത്ത് വംശഹത്യയിൽ ഇനി അന്വേഷണം വേണ്ട; മോദിക്കുള്ള ക്ലീൻചിറ്റ് സുപ്രീം കോടതി ശരിവെച്ചു




News Desk

ന്യൂഡൽഹി: ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള പങ്ക് അന്വേഷിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. മോദിക്ക് ക്ലീൻ ചിറ്റ് നൽകി 2012ലെ പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് സ്വീകരിച്ചുവെന്നും ഇനി ഒരു പുനരന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ജസ്റ്റിസ് എ.എം. ഖൻവിൽകർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

2002ലെ ഗുജറാത്ത് വംശഹത്യക്കിടയിൽ അരങ്ങേറിയ ഗുൽബർഗ് സൊെസൈറ്റി കൂട്ടക്കൊലയിൽ അതി ദാരുണമായി കൊല്ലപ്പെട്ട കോൺഗ്രസ് എം.പി ഇഹ്‌സാൻ ജാഫ്രിയുടെ ഭാര്യ സകിയ ജാഫ്രി നൽകിയ ഹരജിയാണ് സുപ്രീം കോടതി തള്ളിയത്.



തങ്ങൾക്ക് മുമ്പാകെ വന്ന തെളിവുകൾ ഒന്നും പരിശോധിക്കാൻ തയാറാകാതിരുന്ന എസ്.ഐ.ടിക്കെതിരെ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ നിരത്തിയ വാദങ്ങൾ തള്ളിയാണ് ജസ്റ്റിസ് എ എം ഖൻവിൽകർ അധ്യക്ഷനായ ബെഞ്ചിന്റെ വിധി.

നിഷ്പക്ഷ അന്വേഷണം നടത്താത്ത എസ്.ഐ.ടിക്ക്എതിരെയും അന്വേഷണം നടത്തണമെന്ന് സിബൽ ആവശ്യപെട്ടിരുന്നു.

നരേന്ദ്ര മോദി അടക്കമുള്ള അന്നത്തെ ഗുജറാത്ത് സർക്കാറിലെ ഉന്നതർക്ക് വംശഹത്യയിലെ പങ്ക് അന്വേഷിക്കാനായി വയോധികയായ സാകിയ ജാഫ്രി നടത്തിയ രണ്ട് പതിറ്റാണ്ടോളം നീണ്ട നിയമ പോരാട്ടത്തിന് ഇതോടെ അന്ത്യമായി.

കഴിഞ്ഞ വർഷം ഒക്ടോബർ 26 നാണ് സുപ്രീം കോടതി സകിയ ജാഫ്രിയുടെ പ്രത്യേകാനുമതി ഹരജിയിൽ വാദം കേട്ടു തുടങ്ങിയത്.