തളങ്കരയില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച; രണ്ടംഗ സംഘത്തിലെ ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു




News Desk

തളങ്കര: തളങ്കര പള്ളിക്കാലില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് ആറ് പവന്‍ സ്വര്‍ണ്ണാഭരണം കവര്‍ന്ന രണ്ടംഗ സംഘത്തിലെ ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം. തളങ്കര പള്ളിക്കാലിലെ സയ്യിദ് ശിഹാബുദ്ദീന്റെ പൂട്ടിയിട്ട വീടിന്റെ മുന്‍ വശത്തെ വാതില്‍ കുത്തിത്തുറന്നാണ് കവര്‍ച്ച നടത്തിയത്. രാത്രി ശബ്ദം കേട്ട് പരിസരാസികള്‍ എത്തിയപ്പോഴാണ് രണ്ടുപേര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് കണ്ടത്. ഇതില്‍ ഒരാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കണ്ണൂര്‍ മട്ടന്നൂര്‍ പോറോം നെഞ്ചിയേടത്ത് ഹൗസിലെ കെ വിജേഷ് എന്ന ബിജു(35)വിനെയാണ് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ലത്തീഫ് എന്നയാളാണ് കൂടെയുണ്ടായിരുന്നതെന്ന് വിജേഷ് പറഞ്ഞതായി പൊലീസ് പറഞ്ഞു. കവര്‍ന്ന ആഭരണങ്ങള്‍ ലത്തീഫിന്റെ കൈവശമാണുള്ളതെന്നും ലത്തീഫിനായി അന്വേഷണം നടത്തിവരികയായണെന്നും പൊലീസ് പറഞ്ഞു.