സിപിഐഎം വയനാട് ജില്ലാ കമ്മിറ്റിക്ക് പാർട്ടിയുടെ രൂക്ഷവിമർശനം; അരങ്ങേറിയത് പാർട്ടിയെ വെട്ടിലാക്കിയ സമരം




News Desk

എസ്എഫ്ഐ പ്രവർത്തകർ രാഹുൽ ​ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ സിപിഐഎം വയനാട് ജില്ലാ കമ്മിറ്റിക്ക് പാർട്ടിയുടെ രൂക്ഷ വിമർശനം. സംഭവം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിമാറുകയും എസ്എഫ്ഐ പ്രതിക്കൂട്ടിലാവുകയും ചെയ്തതോടെയാണ് വയനാട് ജില്ലാ കമ്മിറ്റിയെ പാർട്ടി വിമർശിച്ചത്. പാർട്ടിയെ വെട്ടിലാക്കിയ സമരമാണ് നടന്നതെന്നായിരുന്നു സംസ്ഥാന സമിതി യോ​ഗത്തിലെ പൊതുവികാരം. വയനാട് ജില്ലാ നേതൃത്വം അറിയാതെയാണോ ഇങ്ങനെയൊരു സമരം എസ്എഫ്ഐ നടത്തുന്നതെന്ന് സംസ്ഥാന സമിതി യോ​ഗത്തിൽ ചോദ്യമുയർന്നു

എസ്എഫ്ഐ പ്രവർത്തകർ രാഹുൽ ​ഗാന്ധിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന കാര്യം ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും എന്നാൽ അത് ഇത്രയും അക്രമാസക്തമായി മാറുമെന്ന് അറിയില്ലായിരുന്നുവെന്നും വയനാട് ജില്ലാ സെക്രട്ടറി പി. ​ഗ​ഗാറിൻ സംസ്ഥാന നേതൃത്വത്തോട് വിശദീകരിച്ചു. സംസ്ഥാന സമിതി അം​ഗങ്ങൾ ഈ വിശദീകരണത്തിൽ തൃപ്തരാകാതെ വലിയ വിമർശനം ഉന്നയിക്കുകയായിരുന്നു. ഇന്ന് 11 മണിക്ക് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളെ കണ്ട് കാര്യങ്ങൾ വിശദീകരിക്കും. പാർട്ടി തലത്തിൽ അന്വേഷണം ഉണ്ടാവുമോ എന്ന കാര്യവും കോടിയേരി വിശദീകരിച്ചേക്കും.

രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് അതിക്രമിച്ച് കയറിയ എസ്എഫ്‌ഐ പ്രവർത്തകർ 2 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കിയെന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. സംഘർഷത്തിൽ സർക്കാരിന് 30000 രൂപയുടെ നാശനഷ്ടമുണ്ടായി. പൊലീസിനെ മർദിച്ചതിന് ശേഷമാണ് പ്രതികൾ രാഹുൽ ​ഗാന്ധിയുടെ ഓഫീസിലേക്ക് കയറിയത്. 300 ഓളം എസ്എഫ്ഐ പ്രവർത്തകരാണ് സംഘം ചേർന്ന് ആക്രമണം നടത്തിയത്

പൊലീസ് വാഹനത്തിലേക്ക് പ്രതികളെ കയറ്റുന്നതിനിടെ എസ്എഫ്ഐ പ്രവർത്തകർ സംഘടിച്ചെത്തി പ്രതികളെ രക്ഷപ്പെടുത്താനായി പൊലീസ് ജീപ്പ് തകർത്തു. വാഹനത്തിന്റെ ചില്ല് കല്ലും വടിയും ഉപയോ​ഗിച്ചാണ് തകർത്തത്. ഒരു പൊലീസുകാരന്റെ കൈവിരൾ ആക്രമണത്തിൽ ഒടിഞ്ഞുവെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൂടുതൽ പ്രതികൾ ഇനിയുമുണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന.

കൽപ്പറ്റയിൽ പ്രകടനമായെത്തിയ കോൺഗ്രസുകാർ ഇന്നലെ ദേശാഭിമാനി ഓഫീസ്‌ ആക്രമിച്ചിരുന്നു. ഓഫീസിന് നേരെ കല്ലെറിഞ്ഞശേഷം മുദ്രാവാക്യം വിളികളോടെ ഓഫീസിലേക്ക്‌ ഇരച്ചുകയറാനും ശ്രമിച്ചു. രാഹുൽഗാന്ധിയുടെ ഓഫീസിലുണ്ടായ അനിഷ്ടസംഭവങ്ങളിൽ പ്രതിഷേധിച്ച്‌ യുഡിഎഫ്‌ നടത്തിയ റാലിക്കിടെ അമ്പതോളം വരുന്ന പ്രവർത്തകർ ദേശാഭിമാനി ഓഫീസിന്‌ നേരെ പാഞ്ഞടുക്കുകയായിരുന്നു. 

കല്ലും വടികളുമായെത്തിയ പ്രവർത്തകർ ജില്ലാ ബ്യൂറോ ഓഫീസിന്‌ സമീപമെത്തി മുദ്രാവാക്യം മുഴക്കി കല്ലെറിഞ്ഞു. വാടകയ്‌ക്ക്‌ പ്രവർത്തിക്കുന്ന ഓഫീസിന്റെ താഴത്തെ നിലയിൽ താമസിക്കുന്ന കെട്ടിട ഉടമയായ സ്‌ത്രീയും കുട്ടികളും പുറത്തിറങ്ങി ഒച്ചവയ്‌ച്ചതോടെയാണ്‌ പ്രവർത്തകർ പിന്തിരിഞ്ഞത്‌.