രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച എസ്എഫ്ഐയെ തള്ളി മുഖ്യമന്ത്രി ഉന്നതതല അന്വേഷണം; ഡിവൈഎസ്പിക്ക് സസ്‌പെൻഷൻ




News Desk

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ എം.പി ഓഫീസ് എസ്എഫ്‌ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ എസ്എഫ്ഐയെ തള്ളി മുഖ്യമന്ത്രി സംഭവിക്കാൻ പാടില്ലാത്ത പ്രവണതയെന്ന് മുഖ്യമന്ത്രി  ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. പൊലീസ് ആസ്ഥാനത്തെ എഡിജിപിക്കാണ് അന്വേഷണത്തിന്റെ ചുമതല. ഒരാഴ്ചക്കകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. സംഭവ സ്ഥലത്ത് ചുമതലയിലുണ്ടായിരുന്ന കൽപ്പറ്റ ഡിവൈഎസ്പിയെ അന്വേഷണ വിധേയമായി അടിയന്തിരമായി സസ്‌പെന്റ് ചെയ്യാനും മുഖ്യമന്ത്രി നിർദേശിച്ചു. കൽപ്പറ്റ ഡിവൈഎസ്പിയുടെ ചുമതല മറ്റൊരു ഓഫീസർക്ക് നൽകാൻ സംസ്ഥാന പൊലീസ് മേധാവിയെ ചുമതലപ്പെടുത്തി.

ബഫർസോൺ വിഷയത്തിൽ ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് എസ്എഫ്‌ഐ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത്. ഓഫീസിലെ കമ്പ്യൂട്ടറുകളും മറ്റും തല്ലിത്തകർത്ത പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ കസേരയിൽ വാഴനട്ടു. ഓഫീസിലെ ജീവനക്കാരന് അക്രമത്തിൽ പരിക്കേറ്റു.

എസ്എഫ്‌ഐ അക്രമത്തെ സിപിഎം ദേശീയ, സംസ്ഥാന നേതൃത്വം തള്ളി. ഒരു സംഭവിക്കാൻ പാടില്ലാത്ത പ്രവണതയാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും എസ്എഫ്‌ഐ പ്രവർത്തകരെ തള്ളി. പാർട്ടി അംഗങ്ങളായ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ നടപടിയെടുക്കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്.