ബൈ: മഹാരാഷ്ട്രയിൽ ബി.ജെ.പിക്ക് പിന്തുണ നൽകുമെന്ന സൂചന നൽകി നഗരവികസന മന്ത്രി ഏക് നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിമതർ. എൻ.സി.പിയും കോൺഗ്രസുമായുള്ള സഖ്യമാണ് പ്രശ്നമെങ്കിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ നേരിട്ടുകണ്ടാൽ സഖ്യം പുനഃപരിശോധിക്കാമെന്ന ഔദ്യോഗിക പക്ഷത്തിന്റെ 'കീഴടങ്ങലും' തള്ളിയാണ് വിമതരുടെ നീക്കം. ബാൽതാക്കറെയുടെ ഹിന്ദുത്വയുടെ പേരിൽ ബി.ജെ.പിക്കൊപ്പം നിൽക്കണമെന്ന ആവശ്യമാണ് വിമതർ ഉന്നയിക്കുന്നത്.
40ലേറെ പേരുടെ വിഡിയോ പ്രദർശിപ്പിക്കുന്നുവെങ്കിലും മതിയായ അംഗബലം ഉറപ്പില്ലാത്തതിനാലാണ് ഏക് നാഥ് ഷിൻഡെ ഉദ്ധവ് സർക്കാറിനെതിരെ അവിശ്വാസവുമായി ഗവർണറെ സമീപിക്കാത്തതെന്നാണ് ഔദ്യോഗിക പക്ഷവും കോൺഗ്രസും എൻ.സി.പിയും കരുതുന്നത്. സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ വേദിയൊരുങ്ങിയാൽ പ്രതിസന്ധി മറികടക്കാമെന്ന് ശിവസേന കരുതുന്നു. സഞ്ജയ് റാവുത്തിന്റെ 'കീഴടങ്ങൽ' പ്രസ്താവന ക്യാമ്പ് പൊളിക്കാനുള്ള തന്ത്രമായി ഷിൻഡെ പക്ഷം സംശയിക്കുന്നു.
വിമതനുവേണ്ടി മുഖ്യമന്ത്രിപദമൊഴിയാൻ തയാറായി ഉദ്ധവ് താക്കറെ കഴിഞ്ഞദിവസം ഔദ്യോഗികവസതിവിട്ട് സ്വന്തം വസതിയിലേക്ക് താമസം മാറിയിരുന്നു.