സർഫറാസിനെ ടീമിലെടുത്തില്ലെങ്കിൽ അതാവും അത്ഭുതം: സുനിൽ ഗവാസ്‌കർ




News Desk

മുംബൈ: കഴിഞ്ഞ രണ്ട് സീസണുകളിൽ രഞ്ജി ട്രോഫിയിൽ മുംബൈയ്‌ക്കായി മികച്ച പ്രകടനം കാഴ്ചവെച്ച സര്‍ഫറാസ് ഖാന്‍ ടീം ഇന്ത്യയിലേക്കുള്ള വിളി കാത്തിരിക്കുകയാണ്. ഇപ്പോഴിതാ സര്‍ഫറാസിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്കര്‍ എത്തിയിരിക്കുന്നു. അദ്ദേഹത്തെ ടീമിലെടുത്തില്ലെങ്കില്‍ അതാവും അത്ഭുതമെന്ന് പറയുകയാണ് സുനില്‍ ഗവാസ്കര്‍. 

ആറ് മത്സരങ്ങളിൽ നിന്ന് ഒമ്പത് ഇന്നിങ്സുകളിലായി 982 റൺസാണ് സര്‍ഫറാസ് നേടിയത്. ഈ സീസണിൽ രഞ്ജി ട്രോഫിയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്ററായാണ് 24 കാരനായ സര്‍ഫറാസ് ഫിനിഷ് ചെയ്തത്. ഈ സീസണിൽ രണ്ട് അർധസെഞ്ചുറികൾക്കൊപ്പം നാല് സെഞ്ച്വറികളും അദ്ദേഹം നേടി. ടീമിന്റെ ഫൈനല്‍ പ്രവേശത്തില്‍ വലിയ പങ്കുവഹിച്ചു. എന്നാല്‍ മധ്യപ്രദേശിനോട് മുംബൈ തോറ്റു. ഫൈനലിന്റെ ആദ്യ ഇന്നിങ്സിലും സര്‍ഫറാസ് സെഞ്ച്വറി നേടിയിരുന്നു.

ഇത് രണ്ടാം തവണയാണ് ഒരു സീസണ്‍ രഞ്ജി ട്രോഫിയില്‍ 900ത്തിലധികം റണ്‍സ് സര്‍ഫറാസ് നേടുന്നത്. 2019-20 സീസണിലും അദ്ദേഹം 900 റൺസിലേറെ നേടിയിരുന്നു. ഒമ്പത് ഇന്നിംഗ്‌സുകളിൽ നിന്ന് 154.66 ശരാശരിയിൽ 928 റൺസാണ് ആ സീസണില്‍ നേടിയിരുന്നത്. ആ സീസണിൽ മൂന്ന് സെഞ്ചുറികളും രണ്ട് അർധസെഞ്ചുറികളും നേടി. തുടര്‍ച്ചയായ സീസണുകളില്‍ മികവ് തുടരുന്ന സര്‍ഫറാസ് ഇന്ത്യന്‍ ടീമിലേക്ക് വിളി കാത്തിരിക്കുകയാണ്. ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരന്പരയില്‍ സര്‍ഫറാസിനെ പരിഗണിക്കണമെന്ന് ഇതിനകം നിരവധി മുന്‍താരങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തു. അതിലെ പ്രധാനിയാണ് സുനില്‍ ഗവാസ്കര്‍. 

'സർഫറാസ് ഖാന്റെ മനോഹര ഇന്നിങ്സുകള്‍ ദേശീയ ടീമിൽ ഇടം നേടാനുള്ളവരുടെ മത്സരത്തില്‍ ഇടംപിടിക്കും. അജിങ്ക്യ രഹാനെ ടീമില്‍ നിന്നും പുറത്തായിക്കഴിഞ്ഞു. ചേതേശ്വര്‍ പുജാരയ്ക്കു ടീമിലെ സ്ഥാനം നിലനിര്‍ത്താന്‍ അവസാനമായി ഒരു അവസരം കൂടി ലഭിക്കാന്‍ പോവുകയാണ്. ഇതു തീര്‍ച്ചയായും സര്‍ഫറാസിനു ടീമിലേക്കുള്ള വാതില്‍ തുറക്കാനാണ് സാധ്യത. ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പരയില്‍ സര്‍ഫറാസ് ഉള്‍പ്പെട്ടില്ലെങ്കില്‍ അതായിരിക്കും ഏറ്റവും വലിയ അത്ഭുതം- സുനില്‍ ഗവാസ്കര്‍ പറഞ്ഞു.