ഭർത്താക്കന്മാരെ നല്ലത് ഉപദേശിക്കുക :കളത്തിൽ ഉദ്ധവിന്റെ ഭാര്യ; വിമത എംഎൽഎമാരുടെ ഭാര്യമാരെ വിളിച്ച് രശ്മി




News Desk

മുംബൈ: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന മഹാരാഷ്ട്രയിൽ വിമത ശിവസേനാ എംഎൽഎമാരെ വരുതിയിലാക്കാൻ ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി. വിമതരുടെ ഭാര്യമാരെ രശ്മി ഫോണില്‍ വിളിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഭർത്താക്കന്മാരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി പാര്‍ട്ടിയില്‍ തിരികെ എത്തിക്കണമെന്ന സന്ദേശമാണ് രശ്മി നൽകിയത്.

നിലവിൽ ഗുവാഹത്തിയിലെ ഹോട്ടലിൽ കഴിയുകയാണ് നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന എംഎൽഎമാർ. മന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലാണ് വിമതർ തമ്പടിച്ചിട്ടുള്ളത്. വിമതരിൽ ചിലർക്ക് ഉദ്ധവ് വ്യക്തിപരമായി സന്ദേശങ്ങൾ അയക്കുന്നതായും റിപ്പോർട്ടുണ്ട്. ഷിൻഡെക്ക് ഒപ്പമുള്ള എംഎൽഎമാരുടെ മനസ്സു മാറ്റി ഭരണം നിലനിർത്തുകയാണ് ഉദ്ധവിന്റെ ലക്ഷ്യം.

ഇടഞ്ഞു നിൽക്കുന്നവർക്കെതിരെ കൂറുമാറ്റ നിരോധന നിയമം നടപ്പാക്കുമെന്ന ഭീഷണിയും ഉദ്ധവ് പുറത്തെടുത്തിട്ടുണ്ട്. 16 വിമത എംഎൽഎമാർക്ക് ഇതിനകം നിയമസഭാ സെക്രട്ടേറിയറ്റ് നോട്ടീസ് അയച്ചു. അയോഗ്യരാകാതിരിക്കാൻ കാരണം ബോധിപ്പിക്കണം എന്നാണ് ഇവരോട് ആവശ്യപ്പെട്ടിട്ടുള്ളത്. തിങ്കളാഴ്ചയ്ക്ക് അകം മറുപടി നൽകണം എന്നാണ് നിർദേശം. സ്വതന്ത്രര്‍ ഉള്‍പ്പെടെ അമ്പതോളം എംഎല്‍എമാരുടെ പിന്തുണയുണ്ട് എന്നാണ് ഷിന്‍ഡെ അവകാശപ്പെടുന്നത്. 

ശിവസേനാ സ്ഥാപകനും മുഖ്യമന്ത്രി ഉദ്ധവിന്റെ പിതാവുമായ ബാൽ താക്കറെയുടെ പേര് ഷിൻഡെ പക്ഷം ഉപയോഗിക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കാനും ശിവസേന തീരുമാനിച്ചു. പാർട്ടി വിട്ടിട്ടില്ലെന്നും ശിവസേന (ബാലാസാഹെബ്) എന്ന പേരിൽ പുതിയ വിഭാഗമായി പ്രവർത്തിക്കുമെന്നും വിമത എംഎൽഎ ദീപക് കേസർക്കർ അറിയിച്ചതിനെ തുടർന്നാണിത്. ശനിയാഴ്ച ചേർന്ന പാർട്ടി നിർവാഹക സമിതി യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. 

പ്രതിസന്ധികൾക്കിടെ, എൻസിപി അധ്യക്ഷൻ ശരദ് പവാർ ഇന്ന് ഡൽഹിയിലേക്ക് തിരിക്കും. പ്രതിപക്ഷ രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹയുടെ നാമനിർദേശ പത്രിക സമർപ്പണത്തിൽ പങ്കെടുക്കാനാണ് യാത്ര. നാളെയാണ് പത്രികാ സമർപ്പണം. യാത്രയ്ക്ക് മുമ്പെ കോൺഗ്രസ് നേതാക്കളായ ബാലാസാഹബ് തോറത്തും അശോക് ചവാനും പവാറുമായി കൂടിക്കാഴ്ച നടത്തി.