വടകരയിൽ യുവതിയുടെ ദുരൂഹ മരണം; ഭർത്താവിനെയും ഭർതൃപിതാവിനെയും അറസ്റ്റു ചെയ്തു




News Desk

കോഴിക്കോട്: വടകര അഴിയൂർ സ്വദേശി റിസ്‍വാനയുടെ മരണത്തില്‍ ഭർത്താവ് ഷംനാസിനെയും ഭർതൃപിതാവിനെയും അറസ്റ്റ് ചെയ്തു. ജില്ല ക്രൈം ബ്രാഞ്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണ, സ്ത്രീകള്‍ക്കെതിരായ ക്രൂരത എന്നീ കുറ്റങ്ങള്‍ ചുമത്തി ഭര്‍ത്താവ് ഷംനാസ്, പിതാവ്, മാതാവ്, സഹോദരി എന്നിവരെ പ്രതി ചേര്‍ത്ത് ജില്ല ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

അഴിയൂർ ചുങ്കം ബൈത്തുൽ റിസ്വാനയിൽ റഫീഖിന്റെ മകൾ റിസ്വാനയാണ് (22) മേയ് ഒന്നിനാണ് ഭർത്താവ് ചോറോട് കൈനാട്ടി മുട്ടുങ്ങൽ തൈക്കണ്ടി ഷംനാസിന്‍റെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചത്. മുറിയിൽ തൂങ്ങിമരിച്ചെന്ന നിലയിൽ ഭർതൃബന്ധുക്കൾ റിസ്വാനയുടെ മൃതദേഹം വടകര സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നാണ് റിസ്വാനയുടെ പിതാവും ബന്ധുക്കളും ആശുപത്രിയിൽ എത്തിയത്. ശരീരമാകെ പാടുകളും മൂക്കിൽനിന്ന് രക്തസ്രാവം വരുന്നനിലയിലുമാണ് മൃതദേഹം ഉണ്ടായിരുന്നത്.

റിസ്വാന നിരന്തരം ഭർതൃവീട്ടിൽ ശാരീരിക-മാനസിക പീഡനങ്ങൾക്ക് ഇരയായതായി പിതാവ് നൽകിയ പരാതിയിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. പരാതിയെ തുടർന്ന് കേസിന്‍റെ അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. 

ഭര്‍ത്യവീട്ടിലെ അലമാരയില്‍ തൂങ്ങി മരിച്ചെന്നായിരുന്നു വീട്ടുകാര്‍ റിസ്‍വാനയുടെ വീട്ടുക്കാരെയും പൊലീസിനെയും അറിയിച്ചിരുന്നത്. തൂങ്ങി മരിച്ചിരുന്ന ദൃശ്യങ്ങള്‍ മറ്റാരും കണ്ടിരുന്നില്ല. സംഭവം നടന്നതിന് ശേഷം റിസ്‍വാനയെ ആശുപത്രിയിലെത്തിച്ചെങ്കിലും റിസ്‍വാനയുടെ ബന്ധുക്കളെ അറിയിച്ചിരുന്നില്ല. ഇതില്‍ ദുരൂഹതയുണ്ടെന്നാണ് റിസ്‍വാനയുടെ കുടുംബത്തിന്‍റെ ആരോപണം