പോപ്പുലർ ഫ്രണ്ട് റാലിയിലെ പ്രകോപന മുദ്രാവാക്യം: ഈരാറ്റുപേട്ട സ്വദേശി കസ്റ്റഡിയിൽ




News Desk

പോപ്പുലർ ഫ്രണ്ട് റാലിയിലെ പ്രകോപന മുദ്രാവാക്യവുമായി ബന്ധപ്പെട്ട കേസിൽ ഈരാറ്റുപേട്ട സ്വദേശി അൻസാർ നജീബ് പൊലീസ് കസ്റ്റഡിയിൽ. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഈരാറ്റുപേട്ടയിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് എസ്.ഡി.പി.ഐ. സംഭവത്തിൽ കേസെടുത്തതിന് പിന്നാലെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

നേരത്തെ കുട്ടിയെ കൊണ്ടുവന്നവർക്കും സംഘാടകർക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്. സംഘടന അംഗീകരിച്ച മുദ്രാവാക്യമല്ല വിളിച്ചതെന്നാണ് പോപ്പുലർ ഫ്രണ്ടിൻറെ വിശദീകരണം. റിപ്പബ്ലിക്കിനെ സംരക്ഷിക്കൂ എന്ന തലക്കെട്ടിൽ ആലപ്പുഴയിൽ നടന്ന ജനമഹാ സമ്മേളനത്തിൽ കുട്ടി മുഴക്കിയ മുദ്രാവാക്യമാണ് വിവാദമായത്. അന്യമത വിദ്വേഷം പ്രചരിപ്പിക്കുന്ന മുദ്രാവാക്യം എന്നായിരുന്നു പരാതി. സമ്മേളനത്തിൽ വിളിക്കേണ്ട മുദ്രാവാക്യങ്ങൾ എഴുതി നൽകിയിരുന്നുവെന്നും അതല്ല കുട്ടി വിളിച്ചതെന്നുമാണ് പോപ്പുലർ ഫ്രണ്ടിൻറെ വിശദീകരണം.


പരിപാടിയിൽ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം: രക്ഷിതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു


ആലപ്പുഴ: പോപ്പുലർ ഫ്രണ്ട്  ശനിയാഴ്ച ആലപ്പുഴയിൽ സംഘടിപ്പിച്ച  റാലിക്കിടെ കുട്ടിയെ കൊണ്ട്‌ മതസ്പർധ വളർത്തുന്ന മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. കുട്ടിയുടെ രക്ഷിതാക്കള്‍ക്കെതിരെയാണ് കേസെടുത്തത്. ഐപിസി 153 എ പ്രകാരമാണ് രക്ഷിതാക്കൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. പരിപാടിയിൽ‌ കുട്ടിയെ പങ്കെടുപ്പിച്ച സംഘാടകർക്കെതിരെയും ഇതേ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. സംഭവത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് വ്യാപകമായ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് പൊലീസ് കേസെടുത്തത്.