ആത്മീയതയുടെ മറവിൽ ലഹരി കച്ചവടം; ഒരു ലിറ്റർ ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിൽ




News Desk

മലപ്പുറം: ആത്മീയ ചികിത്സയുടെ മറവിൽ ലഹരി വിൽപന നടത്തുന്ന ആൾ മലപ്പുറം പാണ്ടിക്കാട് പോലീസ് പിടിയിലായി. കാളികാവ് അമ്പലക്കടവ് സ്വദേശി കൊടിഞ്ഞിപ്പള്ളിക്കൽ കോയക്കുട്ടി തങ്ങളാണ് ഒരു കിലോ  ഹാഷിഷ് ഓയിലുമായി പാണ്ടിക്കാട് പെരുവക്കാട് വച്ച്  പോലീസ് പിടിയിലായത്. ഇയാൾക്ക് 52 വയസ്സ് പ്രായം ഉണ്ട്.

കഴിഞ്ഞ രണ്ട് മാസത്തോളമായി പോലീസ് നിരീക്ഷണത്തിൽ ആയിരുന്നു കോയക്കുട്ടി തങ്ങൾ. ഇരിങ്ങാട്ടിരിയുള്ള വീട്ടിൽ വച്ച് പ്രതി ആത്മീയ ചികിത്സ നടത്തി വരുന്നുണ്ട്. ഇവിടെ നിരവധി പേർ ഇയാളെ കാണാനും എത്താറുണ്ട്. പതിവായി ഏർവാടി സന്ദർശിക്കുന്ന ആളാണ് കോയക്കുട്ടി തങ്ങൾ. ലഹരി ഇടപാട് ഉണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ പിടികൂടിയത്. പെരുവക്കാട് റോഡരികിൽ
നിൽക്കുകയായിരുന്ന തങ്ങളെ പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയായിരുന്നു. സഞ്ചിയിൽ  രണ്ട് പൊതികളിലായി സൂക്ഷിച്ച നിലയിൽ ആയിരുന്നു ഹാഷിഷ് ഓയിൽ.

ഇയാൾ  ലഹരിമരുന്നിൻ്റെ മൊത്ത വിൽപ്പനക്കാരനാണെന്ന് പോലീസ് സംശയിക്കുന്നു. എർവാടിയിൽ നിന്നാണ് ഇയാൾ ഹാഷിഷ് ഓയിൽ എത്തിക്കുന്നതെന്നാണ് നിഗമനം. ഏർവാടിയിൽ നിന്നും ഹാഷിഷ് ഓയിൽ അടക്കമുള്ള ലഹരി വസ്തുക്കൾ ഇയാൾ നേരിട്ട് ശേഖരിക്കുകയാണ് എന്നാണ് പോലീസ് നൽകുന്ന വിവരം.
അന്താരാഷ്ട്ര വിപണിയിൽ 50 ലക്ഷത്തിൽ അധികം രൂപ മൂല്യം ഉള്ളതാണ് ഈ ഹാഷിഷ് ഓയിൽ. ജില്ലയിൽ ഇയാളിൽ നിന്നും ലഹരി മരുന്ന് കൈപ്പറ്റുന്ന ഒരു പാട് പേരുണ്ട് എന്ന് പോലീസ് കരുതുന്നു.

ഹാഷിഷ് ഓയിൽ ഇന്ന് പുറമേ മറ്റ് ഏതെങ്കിലും ലഹരിവസ്തുക്കൾ ഇയാൾ വിതരണം ചെയ്യുന്നുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഈ ലഹരി കടത്ത് ശൃംഖലയിൽ കൂടുതൽ കണ്ണികൾ ഉണ്ടെന്നും കൂടുതൽ പേരെ പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ് എന്നും പാണ്ടിക്കാട് പോലീസ് വ്യക്തമാക്കി.