എന്നെ ഞാനാക്കിയ രാജസ്ഥാന് കിരീടം സമ്മാനിക്കണം സഞ്ജു സാംസൺ




News Desk

അഹമ്മദാബാദ്: ഐപിഎല്ലില്‍(IPL 2022) ചരിത്രനേട്ടത്തിന് അരികെയാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു  ഗുജറാത്ത് ടൈറ്റന്‍സിനെ ഇന്ന് തോല്‍പിച്ചാല്‍ ഐപിഎല്ലില്‍ കിരീടമുയര്‍ത്തുന്ന ആദ്യ മലയാളി ക്യാപ്റ്റനാവും സഞ്ജു. എങ്കിലും തന്നെ, താനാക്കി മാറ്റിയ രാജസ്ഥാന് കിരീടം സമ്മാനിക്കുകയാണ് ഏറ്റവും വലിയ ലക്ഷ്യമെന്ന് സഞ്ജു പറയുന്നു. 

'എന്നെ ഞാനാക്കിയത് രാജസ്ഥാന്‍ റോയല്‍സാണ്. ഇതിന് പകരം ടീമിന് നല്‍കാനുള്ള സമയമാണിത്. കിരീടത്തിനായി ടീം കാത്തിരിക്കുകയാണ്. അത് നേടാന്‍ എന്നാല്‍ കഴിയുന്നതെല്ലാം ചെയ്യും. ഓരോ നിമിഷവും ആസ്വദിച്ചാണ് ക്രിക്കറ്റ് കളിക്കുന്നത്. ടീമിനെയും ഡ്രസിംഗ് റൂമിനേയും അടക്കിഭരിക്കുന്ന നായകനല്ല ഞാന്‍. വ്യത്യസ്ത സ്വഭാവക്കാരാണ് ടീമിലുള്ളത്. ഓരോരുത്തര്‍ക്കും അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവസരം നല്‍കിയാല്‍ ടീമിന് അത് ഗുണമായി മാറും' എന്നും സഞ്ജു പറഞ്ഞു. കൗമാരതാരമായാണ് 10 വര്‍ഷം മുമ്പ് സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സില്‍ അരങ്ങേറിയത്. 

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് ഗുജറാത്ത് ടൈറ്റന്‍സ്-രാജസ്ഥാന്‍ റോയല്‍സ് ഫൈനല്‍ തുടങ്ങുക. ഒരു മലയാളി നായകന്‍ ഐപിഎല്‍ ചരിത്രത്തിലാദ്യമായി കിരീടമുയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. യുവനായകൻമാർക്ക് കീഴിൽ ചരിത്രം കുറിക്കാനിറങ്ങുമ്പോൾ ബാറ്റിംഗിലും ബൗളിംഗിലും തുല്യശക്തികളാണ് ഇരു ടീമുകളും. സീസണിൽ നാല് സെഞ്ചുറി നേടിയ ജോസ് ബട്‍ലറുടെ മിന്നൽ തുടക്കവും ഷിമ്രോൺ ഹെയ്റ്റ്മെയറുടെ വെടിക്കെട്ടും രാജസ്ഥാന്‍റെ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തുന്നു. ഇവർക്കിടയിൽ രാജസ്ഥാന്‍റെ നടുനിവർത്താൻ നായകൻ സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലുമുണ്ട്. സ്‌പിൻ മാജിക്ക് കാട്ടാന്‍ ആര്‍ അശ്വിനും യുസ്‌വേന്ദ്ര ചഹലും കളത്തിലെത്തും. ട്രെന്‍ഡ് ബോൾട്ടും പ്രസിദ്ധ് കൃഷ്‌ണയും ഒബെഡ് മക്കോയിയുമുള്ള പേസ് ബാറ്ററിയും പവർഫുൾ. 

വൃദ്ധിമാന്‍ സാഹയും മാത്യൂ വെയ്‌ഡും ടൈറ്റൻസിന്റെ ചാവേറുകളാവും. നട്ടെല്ലായി ശുഭ്‌മാന്‍ ഗില്ലും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും. കില്ലർ മില്ലർ ക്രീസിലുറച്ചാൽ പന്ത് ഗാലറിയിലേക്ക് പറക്കും. റാഷിദ് ഖാന്‍റെ സ്‌പിന്നിലും മുഹമ്മദ് ഷമിയുടെ പേസിലും ടൈറ്റൻസിന് പ്രതീക്ഷയേറെ. പവർപ്ലേയിലും ഡെത്ത് ഓവറികളിലും ടൈറ്റൻസിന്‍റെ ബൗളിംഗ് മികവിനെ ബാറ്റർമാർ എങ്ങനെ അതിജിവിക്കും എന്നതായിരിക്കും രാജസ്ഥാന് നിർണായകമാവുക. സീസണിൽ നേരത്തെ രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും ജയം ഗുജറാത്തിനൊപ്പമായിരുന്നു.