മുംബൈ: അശ്ലീല വീഡിയോ ആപ്പ് കേസില്‍ ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര വീണ്ടും കുരുക്കില്‍. മുംബൈ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്‍റെ അടിസ്ഥാനത്തില്‍ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ആണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. കള്ളപ്പണം വെളുപ്പിച്ചു എന്നതിലാണ് പുതിയ കേസ് എടുത്തിരിക്കുന്നത്. രാജ് കുന്ദ്രയെയും കേസിൽ പ്രതികളായ മറ്റുള്ളവരെയും കേന്ദ്ര ഏജൻസി ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. കുന്ദ്രയും മറ്റ് പ്രതികളും തമ്മിലുള്ള വിദേശ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചതിന് ശേഷമാണ് കുന്ദ്രക്കെതിരെ കേസെടുത്തതെന്ന് ഇ.ഡി വൃത്തങ്ങൾ അറിയിച്ചു. 2021ലാണ് രാജ് കുന്ദ്രക്കെതിരെ മുംബൈ പൊലീസ് അശ്ലീല വീഡിയോ നിര്‍മാണം, ആപ്പ് നിര്‍മാണം എന്നിവയില്‍ അറസ്റ്റു ചെയ്യുന്നത്.
നീലച്ചിത്ര നിര്‍മാണവും ആപ്പുകളിലൂടെ അവ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് കുന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 2021 ഫെബ്രുവരിയില്‍ മുംബൈയിലെ മധ് പ്രദേശത്തെ ബംഗ്ലാവില്‍ നടത്തിയ റെയ്ഡിലാണ് സംഭവത്തെക്കുറിച്ച് സൂചന ലഭിക്കുന്നത്. ബംഗ്ലാവില്‍ അശ്ലീല ചിത്രങ്ങള്‍ ചിത്രീകരിക്കുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാജ് കുന്ദ്രയുടെ കൂട്ടാളിയായ ഉമേഷ് കാമത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീടാണ് അന്വേഷണം കുന്ദ്രയിലേക്ക് നീണ്ടത്.