ഹജ്ജിനെ കുറിച്ച് സംസാരിക്കാൻ ക്ഷണിച്ചത് ആർഎസ്എസ് അനുകൂല സംഘടന കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്റെ യോഗം കെഎംസിസി അടക്കമുള്ള പ്രവാസി സംഘടനകൾ ബഹിഷ്കരിച്ചു




News Desk

ജിദ്ദ: കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ.പി അബ്ലുള്ളക്കുട്ടിയുടെ യോഗം ബഹിഷ്‌കരിച്ച് ജിദ്ദയിലെ പ്രവാസി സംഘടനകള്‍. കെ.എം.സി.സി, നവോദയ, ഒ.ഐ.സി.സി, ഹജ്ജ് വെല്‍ഫെയര്‍ ഫോറം തുടങ്ങിയ സംഘടനകളാണ് യോഗത്തില്‍ നിന്ന് വിട്ടുനിന്നത്. പരിപാടിക്ക് ആരെയും ഒദ്യോഗികമായി ക്ഷണിച്ചിരുന്നില്ല. പകരം ജിദ്ദയിലെ ബി.ജെ.പി അനുകൂല സംഘടനയായ ഇന്ത്യന്‍ ഓവര്‍സീസ് ഫോറമാണ് സംഘടനകളെ ക്ഷണിച്ചത്. ഇതില്‍ എതിര്‍പ്പ് അറിയിച്ചാണ് സംഘടനകള്‍ യോഗം ബഹിഷ്‌കരിച്ചത്.

അബ്ദുള്ളക്കുട്ടിക്ക് സ്വീകരണം നല്‍കാനും ഈ വര്‍ഷത്തെ ഹജ്ജിനായി ഇന്ത്യന്‍ ഹാജിമാരുടെ ഒരുക്കങ്ങള്‍ വിശകലനം ചെയ്യുന്നതിനും ജിദ്ദയിലുള്ള സംഘടനാ ഭാരവാഹികളുമായി അദ്ദേഹം ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു ഐ.ഒ.എഫ് സംഘടനകള്‍ക്ക് അയച്ച സന്ദേശത്തില്‍ പറഞ്ഞിരുന്നത്.
എന്നാല്‍ ഇന്ത്യന്‍ കോണ്‍സുലേറ്റോ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ അബ്ദുള്ളക്കുട്ടിയോ നേരിട്ട് വിളിക്കാതെ, ഐ.ഒ.എഫ് ക്ഷണിച്ചതുകൊണ്ടാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നാണ് സംഘടനാപ്രതിനിധികളുടെ വിശദീകരണം.