സിനിമയ്ക്കായി മുടക്കിയത് 90 കോടി കളക്ഷൻ 3.53 കോടി എട്ടാം പടവും പൊട്ടി; കങ്കണക്ക് കഷ്ടകാലം




News Desk

തുടർച്ചയായ എട്ടാം സിനിമയും ബോക്സ് ഓഫിസിൽ തകർന്നടിഞ്ഞതോടെ കഷ്ടകാലം മാറാതെ ബോളിവുഡ് നടി കങ്കണ റണാവത്ത്. 90 കോടിയോളം മുടക്കി അവസാനമായി പുറത്തിറങ്ങിയ ധാക്കഡ് എട്ട് ദിവസം കൊണ്ട് 3.53 കോടി രൂപ മാത്രമാണ് നേടിയത്. എട്ടാം ദിനത്തിൽ ഇന്ത്യയിലാകെ 20 ടിക്കറ്റുകൾ മാത്രമാണ് വിറ്റതെന്നും 4420 രൂപ മാത്രമാണ് തിയറ്ററുകളിൽനിന്ന് ലഭിച്ചതെന്നും റിപ്പോർട്ടുണ്ട്. മേയ് 28ന് റിലീസ് ചെയ്ത ചി​ത്രം കാണാൻ ആളില്ലാതായതോടെ മിക്ക തിയറ്ററുകളും ഷോകൾ റദ്ദാക്കുകയും മറ്റു ചിത്രങ്ങൾ പ്രദർശിപ്പിക്കുകയുമാണ്. റസ്നീഷ് റാസി സംവിധാനം ചെയ്ത സ്പൈ ത്രില്ലർ ചിത്രത്തിൽ ഏജന്റ് അഗ്നി എന്ന കഥാപാത്രത്തെയാണ് കങ്കണ അവതരിപ്പിക്കുന്നത്. അർജുൻ രാംപാൽ, ദിവ്യ ദത്ത എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. കങ്കണയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയമാകുകയാണ് ചിത്രം. ഒ.ടി.ടി റിലീസിങ്ങിന് ആരും രംഗത്ത് വരാത്തതും തിരിച്ചടിയായിരിക്കുകയാണ്.



കങ്കണയുടെ തുടർച്ചയായ എട്ടാമത്തെ ചിത്രമാണ് പരാജയത്തിൽ കലാശിക്കുന്നത്. തൊട്ടുമുമ്പിറങ്ങിയ കാട്ടി ബാട്ടി, മണികർണിക, റംഗൂൺ, സിമ്രാൻ, ജഡ്ജ്മെന്റൽ ഹേ ക്യാ, പങ്ക, തലൈവി എന്നിവ ബോക്സോഫിസിൽ വൻ പരാജയം ഏറ്റുവാങ്ങിയിരുന്നു. മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന 'തലൈവി' 100 കോടി മുടക്കിയാണ് വിവിധ ഭാഷകളിൽ പുറത്തിറങ്ങിയതെങ്കിലും 10 കോടി മാത്രമാണ് തിരിച്ചുപിടിച്ചത്.

ആലിയ ഭട്ടിനെ നായികയാക്കി സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത 'ഗംഗുഭായ് കത്തിയവാഡി' റിലീസ് ചെയ്യുന്നതിന് മുമ്പ് കങ്കണ ഉയർത്തിയ വിമർശനം ധാക്കഡിന്റെ പരാജയത്തോടെ വീണ്ടും ചർച്ചയായിരിക്കുകയാണ്. ആലിയയുടെ ചിത്രം പരാജയമാകുമെന്നായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. ചിത്രത്തിന്റെ ഏറ്റവും വലിയ പോരായ്മ കാസ്റ്റിങ് ആണെന്നും ചിത്രത്തിനായി മുടക്കിയ 200 കോടി ചാരമാകുമെന്നും കങ്കണ പറഞ്ഞിരുന്നു. എന്നാൽ, 100 കോടി ചെലവി​ട്ട് പുറത്തിറക്കിയ സിനിമ ബോക്സ് ഓഫിസിൽ 210 കോടിയോളം നേടിയിരുന്നു.