ഫിഫ ലോകകപ്പ് 2022 ഖത്തർ :ആവേശത്തിന് കോടി ഉയരാൻ ഇനി 199 ദിനങ്ങൾ




News Desk

ദോഹ: കാൽപന്തു ലോകം അക്ഷമയോടെ കാത്തിരിക്കുന്ന മഹാമേളയുടെ കിക്കോഫിന് ഇനി 200 നാൾ ദൂരം. ഒരുക്കമെല്ലാം നേരത്തേ പൂർത്തിയാക്കി, ഇനി പന്തുരുളാൻ മാത്രമുള്ള നാളെണ്ണലാണ് ഖത്തറിന്. ലോകകപ്പ് ഫുട്ബാളും, ഒളിമ്പിക്സും ഉൾപ്പെടെ വിശ്വാകായികമാമാങ്കങ്ങളുടെ ചരിത്രത്തിലൊന്നുമില്ലാത്ത വിധം അച്ചടക്കത്തോടെ നിർമാണ പ്രവർത്തനങ്ങളും സജ്ജീകരണങ്ങളും പൂർത്തിയാക്കിയാണ് ഖത്തർ ലോകത്തെ കളിമൈതാനങ്ങളിലേക്ക് ക്ഷണിക്കുന്നത്. മത്സരങ്ങൾക്കുള്ള എട്ടിൽ ഏഴ് സ്റ്റേഡിയങ്ങളിലും കളിയാവേശം ഇതിനകം പലതവണ പന്തുതട്ടി കഴിഞ്ഞതാണ്. പ്രഥമ ഫിഫ അറബ് കപ്പും, ഫിഫ ക്ലബ് ലോകകപ്പും സൗഹൃദ മത്സരങ്ങളും ഉൾപ്പെടെ വിവിധ ലോകോത്തര മത്സരങ്ങൾക്കാണ് സ്റ്റേഡിയങ്ങൾ വേദിയായത്. ഖലീഫ ഇന്‍റർനാഷനൽ സ്റ്റേഡിയം, അൽ തുമാമ, അൽ ബെയ്ത്, സ്റ്റേഡിയം 974, അഹമ്മദ് ബിൻ അലി, അൽ ജനൂബ്, എജുക്കേഷൻ സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളാണ് എല്ലാ പ്രൗഢിയും ഇതിനകം വിളംബരം ചെയ്തു കഴിഞ്ഞത്. എല്ലാം പൂർത്തിയാക്കി കഴിഞ്ഞ ഖത്തറിന് ഇനി റോഡുകൾ ഉൾപ്പെടെ ഏതാനും മിനുക്ക് പണികൾ മാത്രമാണ് ബാക്കിയുള്ളത്. ഒപ്പം നിരവധി ഫാൻ പ്രമോഷൻ പരിപാടികളും അണിയറയിൽ സജീവമായുണ്ട്.


ലോകകപ്പിന്‍റെ ഏറ്റവും മനോഹര വേദികളിലൊന്നാണ് ലുസൈൽ സ്റ്റേഡിയം. ഡിസംബർ 18ന് നടക്കുന്ന ഫൈനൽ മത്സരത്തിന്‍റെ വേദിയായ ലുസൈലിന്‍റെ നിർമാണങ്ങളെല്ലാം ഇതിനകം പൂർത്തിയാക്കി ഉദ്ഘാടനത്തിന് കാത്തിരിക്കുകയാണ് സ്വർണക്കൂടാരംപോലെ തല ഉയർത്തി നിൽക്കുന്ന ഈ കളിമുറ്റം. ലോകകപ്പിന് മുന്നോടിയായി പ്രഗല്ഭരായ ഏതെങ്കിലും ടീമുകളുടെ സൗഹൃദ മത്സരത്തിന് വേദിയൊരുക്കി ഖത്തറിന്‍റെ തിലകമായ കളി മൈതാനം ലോകത്തിന് സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി.