ടയർ കേടായെന്ന് പറഞ്ഞ് കൈ കാണിച്ചു സഹായിക്കാൻ എത്തിയ ആളുടെ 12.5 പവനും 28000 രൂപയും കവർന്നു




News Desk

വെഞ്ഞാറമൂട് (തിരുവനന്തപുരം): ടയർ കേടായെന്ന വ്യാജേന കാര്‍ നിര്‍ത്തിച്ച് 12.5 പവന്‍ സ്വര്‍ണാഭരണങ്ങളും, 28,000 രൂപയും വസ്തുക്കളുടെ പ്രമാണവും, എ.ടി.എം കാര്‍ഡുകളും തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പനവൂര്‍ വാഴുവിള വീട്ടില്‍ നാസി(43), പനവൂര്‍ എം.എസ്. ഹൗസില്‍ റാഷിദ് (31) എന്നിവരാണ് അറസ്റ്റിലായത്.

ആനാട് വട്ടറത്തല കിഴുക്കുംകര പുത്തന്‍വീട്ടില്‍ മോഹനപ്പണിക്കരുടെ (64) പണവും ആഭരണങ്ങളും നഷ്ടമായത്. വെള്ളിയാഴ്ച രാത്രി 8.30ന് വെഞ്ഞാറമൂട് പുത്തന്‍പാലം റോഡില്‍ ചുള്ളാളത്തായിരുന്നു സംഭവം.

പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ റോഡില്‍ ഒതുക്കിയിട്ടശേഷം മോഹനപ്പണിക്കരുടെ കാര്‍ തടഞ്ഞ് ടയര്‍ കേടായെന്നും സഹായിക്കണമെന്നും അഭ്യർഥിച്ചു. മോഹനപ്പണിക്കരെ ഭീഷണിപ്പെടുത്തി പണവും മറ്റ് വസ്തുക്കളും കവര്‍ച്ച ചെയ്യുകയായിരുന്നു. തുടര്‍ന്ന് അൽപം മാറി ഇറക്കിവിട്ടശേഷം രക്ഷപ്പെട്ടു.

പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിലെ മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.