സെനഗൽ നഗരമായ ടിവോവാനിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 11 നവജാത ശിശുക്കൾ മരിച്ചു. നഗരത്തിലെ മാമെ അബ്ദു അസീസ് സൈ ദബാക് ആശുപത്രിയുടെ നിയോനറ്റോളജി വിഭാഗത്തിലാണ് തീപിടത്തമുണ്ടായത്. പ്രാഥമിക അന്വേഷണപ്രകാരം ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് ആരോഗ്യമന്ത്രി അബ്ദുലോയി ദിയോഫ് സർ അറിയിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിച്ച പ്രസിഡൻറ് മക്കി സാൽ കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ല. മരിച്ച കുഞ്ഞുങ്ങളുടെ മാതാക്കളോടും കുടുംബത്തോടും അദ്ദേഹം അനുശോചനം അറിയിച്ചു. എന്നാൽ സംഭവം രാജ്യത്തുടനീളം വൻ പ്രതിഷേധം ഉയർത്തിയിരിക്കുകയാണ്.