കൊല്ലം: ബി.എ.എം.എസ് വിദ്യാർഥിനിയായിരുന്ന വിസ്മയ വി. നായർ ഭർതൃഗൃഹത്തിൽ മരിച്ച കേസിൽ ഭർത്താവ് കിരൺ കുമാറിന് 10 വർഷം തടവും 12.505 ലക്ഷം രൂപ പിഴയും.
304 ബി പ്രകാരം 10 വർഷം തടവും, 498 എ-രണ്ട് വർഷം തടവ് 50000 രൂപ പിഴയും പിഴയടക്കാഞ്ഞാൽ മൂന്ന് മാസം തടവും, 306 പ്രകാരം 6 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും പിഴയടക്കാഞ്ഞാൽ ആറ് മാസം തടവും സ്ത്രീധന നിരോധന നിയമത്തിലെ മൂന്ന് വകുപ്പു പ്രകാരം ആറ് വർഷവും 10 ലക്ഷം രൂപ പിഴയും പിഴയടക്കാഞ്ഞാൽ 18 മാസം തടവും നാല് വകുപ്പ് പ്രകാരം ഒരു വർഷം തടവും 5000 രൂപയും പിഴയടക്കാഞ്ഞാൽ 15 ദിവസം തടവും വിധിച്ചു.
മൂന്ന് വകുപ്പുകളിലായി 18 വർഷം ശിക്ഷയും 12.505 ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. 12.505 ലക്ഷം രൂപ പിഴയിൽ രണ്ടു ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കൾക്ക് നൽകണം.
കൊല്ലം ഒന്നാം അഡീഷനൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. കിരൺ കുമാർ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. 304 ബി പ്രകാരം സ്ത്രീധന മരണം, 498 എ- സ്ത്രീധന പീഡനം, 306 -ആത്മഹത്യാ പ്രേരണ, സ്ത്രീധന നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ എന്നിങ്ങനെ അഞ്ച് വകുപ്പുകൾ പ്രകാരമാണ് കിരൺ കുറ്റക്കാരനെന്ന് കോടതി വിധിച്ചത്