യൂപിയിൽ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോ റിക്ഷയിൽ കൂട്ട ബലാത്സംഗം ബാഗും പണവും കവർന്നു




News Desk


അലിഗഢ്: ഉത്തർ പ്രദേശിലെ അലിഗഢിൽ ഓടുന്ന ഓട്ടോറിക്ഷയിൽ യുവതി കൂട്ട ബലാത്സംഗത്തിനിരയായി. ക്രൂരകൃത്യത്തിന് ശേഷം ഓട്ടോ ഡ്രൈവറും കൂട്ടാളികളും യുവതിയുടെ പക്കലുണ്ടായിരുന്ന 20000 രൂപ കൊള്ളയടിക്കുകയും ചെയ്തു.

ഏപ്രിൽ 14ന് പുലർച്ചെ ഒരുമണിക്കാണ് സംഭവം. പീഡനത്തിന് ശേഷം യുവതിയെ പ്രതികൾ അക്ബരാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലെ നനൗവിൽ ഉപേക്ഷിക്കുകയായിരുന്നു.

യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച പൊലീസ് പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു. അക്ബരാബാദ് സ്വദേശിയായ യുവതി ഇപ്പോൾ ഭർത്താവിനും കുട്ടികൾക്കുമൊപ്പം ന്യൂഡൽഹിയിലാണ് താമസം.

ഡൽഹിയിൽ നിന്ന് ബസിൽ അലിഗഢിൽ വന്നിറങ്ങിയതായിരുന്നു യുവതി. ഗാന്ധിപാർക്ക് ബസ്സ്റ്റാൻഡിൽ നിന്നാണ് അവർ ഓട്ടോ വിളിച്ചത്. ഓട്ടോയിൽ വേറെ മൂന്ന് പേരും കൂടിയുണ്ടായിരുന്നു. വഴിയിൽ യാത്രക്കാരിൽ ഒരാൾ ഇറങ്ങിയതിന് പിന്നാലെയാണ് പ്രതികൾ യുവതിയെ ഉപദ്രവിക്കാൻ തുടങ്ങിയത്. എതിർക്കാൻ ശ്രമിച്ച അവരെ മർദിക്കുകയും ചെയ്തു. കൈവശമുണ്ടായിരുന്ന 20000 രൂപയും അവർ കൊള്ളയടിച്ചു.

ഗാന്ധി പാർക്കിലെയും അക്ബരാബാദ് റോഡിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും ഓട്ടോ ഡ്രൈവറെയും കൂട്ടാളികളും ഉടൻ പിടിയിലാകുമെന്നും അലിഗഡ് എസ്.എസ്.പി കലാനിധി നൈതാനി പറഞ്ഞു