മസ്ജിദ് അക്സ ആക്രമണം കോൺസുലേറ്റിൽ പ്രതിഷേധവുമായി ന്യുയാർക്കിലെ ജൂത മത വിശ്വസിക്കൾ




News Desk

ന്യൂയോർക്ക്: അൽഅഖ്‌സ പള്ളിയിലും ഫലസ്തീന്റെ വിവിധ ഭാഗങ്ങളിലും ഇസ്രായേൽ സൈന്യം തുടരുന്ന ആക്രമണങ്ങളിൽ പ്രതിഷേധവുമായി ജൂതസമൂഹം. ന്യൂയോർക്ക് സിറ്റിയിൽ ഇസ്രായേൽ കോൺസുലേറ്റിനു മുൻപിലാണ് വിവിധ ഓർത്തഡോക്‌സ് ജൂതസംഘങ്ങൾ പ്രതിഷേധം സംഘടിപ്പിച്ചത്.

ഫലസ്തീനെ മോചിപ്പിക്കുക, ശൈഖ് ജർറായെ രക്ഷിക്കുക തുടങ്ങിയ പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം. സയണിസ്റ്റുകളാണ് അന്നും ഇന്നും തീകൊളുത്തിയത്, ഫലസ്തീനികൾക്ക് പരമാധികാരം തിരിച്ചുനൽകണം എന്നു തുടങ്ങുന്ന പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളും പ്രതിഷേധത്തിൽ ഉയർന്നു. അൽഅഖ്‌സയിലെ ഇസ്രായേൽ ആക്രമണത്തെ അപലപിക്കാനും പരിപാടിയിൽ ആഹ്വാനമുണ്ടായി. 

അൽഅഖ്‌സയിൽ വലിയ തോതിലുള്ള പ്രകോപനമാണ് നടന്നുകൊണ്ടിരിക്കുന്നത്. വലിയ രക്തച്ചൊരിച്ചിലിനു കാരണമാകുന്ന നടപടികളാണിതെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത ജൂത മതപുരോഹിതൻ കൂടിയായ ഡെവിഡ് ഫെൽമാൻ പറഞ്ഞു. പതിറ്റാണ്ടുകളായി തുടർന്നുകൊണ്ടിരിക്കുന്ന അധിനിവേശത്തിന്റെ തുടർച്ചയാണിത്. ഈ അധിനിവേശം ജൂതവിരുദ്ധവും എല്ലാ വിഭാഗങ്ങൾക്കും ഹാനികരവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര ജൂത സംഘടനയായ നെറ്റുറൈ കർട്ട ഇന്റർനാഷനൽ പ്രസിഡന്റ് കൂടിയാണ് ഡെവിഡ് ഫെൽമാൻ.