ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ 'മുഹമ്മദ്പുർ' ഗ്രാമത്തിന്റെ പേര് 'മാധവപുരം' എന്ന് പുനർനാമകരണം ചെയ്തതായി ബി.ജെ.പി നേതാക്കൾ. മുനിസിപ്പൽ കോർപറേഷന്റെ നിർദേശത്തെത്തുടർന്ന് പേരുമാറ്റം പൂർത്തിയായതായും ഇനി ഗ്രാമം മാധവപുരം എന്ന് അറിയപ്പെടുമെന്നും ബി.ജെ.പി ഡൽഹി പ്രസിഡന്റ് ആദേശ് ഗുപ്ത പറഞ്ഞു.
സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം പിന്നിട്ടിട്ടും അടിമത്തത്തിന്റെ ഓർമകളുമായി ബന്ധപ്പെട്ടിരിക്കാൻ ഒരു ഡൽഹിക്കാരും ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അടിമത്ത കാലഘട്ടത്തെ ഓർമപ്പെടുത്തുന്ന നഗരത്തിലെ 40 ഗ്രാമങ്ങളുടെ പേരുകൾ മാറ്റണമെന്നാവശ്യപ്പെട്ട് കെജ്രിവാൾ സർക്കാറിന് പാർട്ടി നിവേദനം അയക്കുമെന്ന് ഡൽഹി ബി.ജെ.പി കഴിഞ്ഞ ആഴ്ച പറഞ്ഞതിന് പിറകെയാണ് പുതിയ പേരുമാറ്റം.
ഹുമയൂൻപുർ, യൂസഫ് സരായ്, മസൂദ്പുർ, സംറൂദ്പുർ, ബേഗംപുർ, സെയ്ദുൽ അജാബ്, ഫത്തേപുർ ബേരി, ഹൗസ് ഖാസ്, ഷെയ്ഖ് സരായ് എന്നിങ്ങനെ 40 ഗ്രാമങ്ങളുടെ പേര് മാറ്റണമെന്നാണ് ബി.ജെ.പി ആവശ്യം