ഡല്‍ഹി: ജഹാംഗീര്‍പുരിയിലെ കെട്ടിടം പൊളിക്കുന്നതിനുള്ള സ്റ്റേ തുടരും. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. കോടതി ഉത്തരവുണ്ടായിട്ടും പൊളിക്കൽ തുടർന്നത് അതീവ പ്രാധാന്യത്തോടെ കാണുന്നുവെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ഈ നടപടി അംഗീകരിക്കാനാകില്ല. എന്താണ് നടക്കുന്നത് കോടതി വിശദമായി നിരീക്ഷിക്കുന്നുണ്ടെന്നും വ്യക്തമാക്കി. ജസ്റ്റിസ് എല്‍ നാഗേശ്വർ റാവു അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിച്ചത്.
ഹനുമാന്‍ ജയന്തി ദിനത്തില്‍ സംഘര്‍ഷമുണ്ടായ ജഹാംഗീര്‍പുരിയില്‍ മുന്നറിയിപ്പില്ലാതെയാണ് ഇന്നലെ കിഴക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കെട്ടിടങ്ങള്‍ പൊളിക്കാന്‍ തുടങ്ങിയത്. കെട്ടിടം പൊളിക്കുന്നതിന് 14 ദിവസം മുന്‍പ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കണമെന്ന നടപടി പോലും ഡല്‍ഹി കോര്‍പ്പറേഷന്‍ പാലിച്ചിരുന്നില്ല. ഇത് ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജംഇയത്തുല്‍ ഉലമ ഹിന്ദ് ഉള്‍പ്പെടുള്ളവര്‍ സുപ്രിംകോടതിയെ സമീപിച്ചത്. ഹരജിയില്‍ അന്തിമവാദം കേള്‍ക്കുന്നത് വരെ തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. മുതിര്‍ന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷണും കപില്‍ സിബലും ദുഷ്യന്ത് ദവേയുമാണ് ഹരജിക്കാര്‍ക്കായി ഹാജരായത്.
ജഹാംഗീർപുരിയിലെ കെട്ടിടം പൊളിക്കൽ കേസില്‍ സി.പി.എം പി.ബി അംഗം ബൃന്ദ കാരാട്ടും സുപ്രിംകോടതിയിൽ ഹരജി നൽകിയിരുന്നു. സുപ്രിംകോടതിയുടെ ഉത്തരവുമായി 10.45ന് ജഹാംഗീർപുരിയില്‍ എത്തി, അധികൃതരെ ഉത്തരവ് കാണിച്ചിട്ടും 12.45 വരെ പൊളിക്കൽ നടപടി തുടർന്നെന്ന് ബൃന്ദ കാരാട്ട് കോടതിയെ അറിയിച്ചു.
ജഹാംഗീർപുരിയിലെ വീടുകളും ചെറിയ കടകളും പൊളിച്ച് ജെസിബി മുന്നോട്ട് നീങ്ങുന്നതിനിടെയാണ് ഇന്നലെ തല്‍സ്ഥിതി തുടരാന്‍ സുപ്രിംകോടതിയുടെ ഉത്തരവ് വന്നത്. കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി കെട്ടിടങ്ങൾ പൊളിക്കുന്നത് നിർത്തി വെക്കണം എന്ന് പ്രദേശവാസികൾ അധികൃതരോട് അഭ്യർഥിച്ചു. എന്നാൽ കോടതി ഉത്തരവ് തങ്ങൾക്ക് ലഭിച്ചില്ല എന്നായിരുന്നു ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ അധികൃതരുടെ വാദം. കെട്ടിടങ്ങൾ ജെസിബി ഉപയോഗിച്ച് പൊളിക്കുന്നത് തുടരുന്നതിനിടെയാണ് ബൃന്ദ കാരാട്ട് ജഹാംഗീർപുരിയിൽ എത്തിയത്. കെട്ടിടങ്ങൾ പൊളിക്കാൻ ഒരുങ്ങിയ ജെസിബിയുടെ മുന്നിൽ കയറി നിന്ന് ബൃന്ദ കാരാട്ട് തടഞ്ഞു. കോടതി ഉത്തരവിന്‍റെ പകർപ്പ് ഫോണിൽ അധികൃതരെ കാണിച്ചു കൊണ്ടാണ് ബൃന്ദ കാരാട്ട് സംസാരിച്ചത്. ബിജെപി ബുൾഡോസർ രാഷ്ട്രീയമാണ് നടത്തുന്നത് എന്ന് ബൃന്ദ കാരാട്ട് പറഞ്ഞു