അപകടം നടന്ന വാഹനത്തിന്റെ പരിശോധന റിപ്പോർട്ട് നൽകുന്നതിൽ അഴിമതിയെന്ന് വിജിലൻസ്




News Desk

തിരുവനന്തപുരം: വാഹന അപകട റിപ്പോർട്ട് നൽകുന്നതിൽ ആർടി ഓഫീസുകളിൽ വ്യാപക അഴിമതിയെന്ന് വിജിലൻസ്. അഴിമതി തടയാൻ പുതിയ നിർദേശം ആഭ്യന്തര സെക്രട്ടറി മുന്നോട്ട് വച്ചു. വാഹന പരിശോധനയ്ക്കുള്ള പൊലീസ് അപേക്ഷ ഇനി തപാലിൽ മാത്രമായിരിക്കും സ്വീകരിക്കുക.

അപകടം നടന്ന വാഹനത്തിന്റെ പരിശോധന റിപ്പോർട്ട് നൽകുന്നതിലാണ് ഉദ്യോഗസ്ഥ അഴിമതി. പരാതിക്കാർ നേരിട്ട് നൽകുന്ന അപേക്ഷ പരിശോധിക്കാൻ മോട്ടോർ വാഹന ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്നാണ് വിജിലൻസ് കണ്ടെത്തിയത്. പരിശോധന റിപ്പോർട്ടുകൾ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ സ്വന്തമായി പ്രിന്റ് ചെയ്യുവെന്നും വിജിലൻസ് കണ്ടെത്തി. അഴിമതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ പുതിയ നിർദ്ദേശവുമായി ആഭ്യന്തര വകുപ്പ് രംഗത്തെത്തി. വാഹന പരിശോധനയ്ക്കായി പൊലീസ് സ്റ്റേഷനിൽ നിന്നും പരാതിക്കാരുടെ കൈവശം അപേക്ഷ നൽകേണ്ടന്നാണ് ആഭ്യന്തര സെക്രട്ടറിയുടെ നിര്‍ദ്ദേശം. വാഹന പരിശോധനയ്ക്കുള്ള പൊലീസ് അപേക്ഷ ഇനി മുതൽ തപാലിൽ നൽകിയാൽ മതിയെന്നാണ് ആഭ്യന്തര സെക്രട്ടറി  നിര്‍ദ്ദിച്ചിരിക്കുന്നത്.