ന്യൂഡല്‍ഹി: മുസ്‌ലിം സമുദായത്തോട് സൗഹൃദം ആരു കാണിച്ചാലും അവര്‍ക്കു മേല്‍ കയറുക എന്നതായിരിക്കുന്നു രാജ്യത്തെ ഒരു വിഭാഗത്തിന്റെ നിലപാട്. അത് രാജ്യത്തിന്റെ കാവലാളുകളെന്ന് അവര്‍ തന്നെ നാഴികക്ക് നാല്‍പത് വട്ടം വാഴ്ത്തിപ്പാടുന്ന ഇന്ത്യന്‍ സൈന്യമായാലും ശരി.
ഇന്ത്യന്‍ സൈന്യത്തിനുമേല്‍ പോലും മുസ്‌ലിം വിരുദ്ധ അജണ്ട അടിച്ചേല്‍പ്പിക്കാനുള്ള ഹിന്ദുത്വ തീവ്രവാദികളുടെ കഴിവിന്റെ ഉദാഹരണമായി ജമ്മുവിലെ സൈനിക പബ്ലിക് റിലേഷന്‍സ് ഓഫീസറുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ സൈന്യം നടത്തിയ ഇഫ്താര്‍ പരിപാടിയെക്കുറിച്ചുള്ള ട്വീറ്റ് നീക്കം ചെയ്തതിനെ കാണാമെന്ന് ‘ദി വയര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. സൈന്യം നടത്തിയ ഇഫ്താര്‍ സംഗമം സംബന്ധിച്ച് ട്വിറ്ററില്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. പിന്നാലെ ട്വിറ്ററില്‍ വിമര്‍ശനവുമുയര്‍ന്നു. ഈ രോഗം സൈന്യത്തിനും പിടിപെട്ടോ എന്നായിരുന്നു തുടര്‍ന്ന് തീവ്ര വലതുപക്ഷ ടെലിവിഷന്‍ ചാനലായ സുദര്‍ശന്റെ അവതാരകന്‍ ട്വീറ്റ് ചെയ്തത്. പിന്നാലെ സൈന്യം ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു.
ഏപ്രില്‍ 20ന്, ജമ്മുവിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ലെഫ്റ്റനന്റ് കേണല്‍ ദേവേന്ദര്‍ ആനന്ദിന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലാണ്, ദോഡ ജില്ലയില്‍ സൈന്യത്തിന്റെ ഇഫ്താര്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ‘മതേതരത്വത്തിന്റെ പാരമ്പര്യങ്ങള്‍ നിലനിര്‍ത്തുന്നു’ എന്ന അടിക്കുറിപ്പോടെയായിരുന്നു ട്വീറ്റ്.
ഇപ്പോള്‍ ഈ രോഗം ഇന്ത്യന്‍ സൈന്യത്തിലും പ്രവേശിച്ചോ?. ദുഃഖകരം’. എന്ന് അടുത്ത ദിവസം സുദര്‍ശന്‍ ന്യൂസ് മേധാവി സുരേഷ് ചവാങ്കെ ട്വീറ്റ് ചെയ്തു. തുടര്‍ന്നാണ് സൈന്യം ട്വീറ്റ് പിന്‍വലിച്ചതെന്ന് ദി വയറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നിരവധി പേര്‍ ഇതിനെതിരെ രംഗത്തെത്തി.
ചാവാങ്കെയുടെ വിമര്‍ശനത്തോട് പ്രതികരിച്ചുകൊണ്ട് സൈന്യത്തിലെ മുന്‍ മേജര്‍ ജനറല്‍ യാഷ് മോര്‍ ട്വീറ്റ് ചെയ്തു: ‘ഇന്ത്യന്‍ സൈന്യം മതസൗഹാര്‍ദത്തില്‍ മുന്‍പന്തിയിലാണ്. ഞങ്ങള്‍ക്ക് ഒരു മതവുമില്ല. ഞങ്ങളെ ആജ്ഞാപിക്കുന്നവരുടെ മതം സ്വീകരിക്കുക എന്നതില്‍ ഉദ്യോഗസ്ഥര്‍ എന്ന നിലയില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു!”.
വര്‍ഗീയ പ്രസംഗങ്ങള്‍ക്കും മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങള്‍ക്കും ചാവാന്‍കെ കുപ്രസിദ്ധനാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഹിന്ദു യുവ വാഹിനി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയതിന് ഒരു പൊതുതാല്‍പ്പര്യ ഹരജിയുടെ വിചാരണയിലാണ് അയാള്‍.