അക്രമി സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ച നഗരസഭാംഗം മരിച്ചു; ഒരാൾ അറസ്റ്റിൽ




News Desk

മഞ്ചേരി: വാഹനത്തിന്റെ ലൈറ്റ് താഴ്ത്തി നല്‍കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കം. അക്രമി സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ച മഞ്ചേരി നഗരസഭാംഗം ചികിത്സയിലിരിക്കെ മരിച്ചു. 16ാം വാര്‍ഡ്  കൗണ്‍സിലര്‍ തലാപ്പില്‍ അബ്ദുല്‍ ജലീലാണ് (57) മരിച്ചത്. ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയാണ് ആക്രമണത്തിനിരയായത്. തലക്ക് ഗുരുതരമായി പരുക്കേറ്റ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകീട്ടോടെയാണ് മരിച്ചത്.

ഭൂമി കച്ചവടം കഴിഞ്ഞ് പാലക്കാട് നിന്നും കാറില്‍ മഞ്ചേരിയിലേക്ക് വരികയായിരുന്നു കൗണ്‍സിലര്‍ ഉള്‍പ്പടെയുള്ള അഞ്ചംഗ സംഘം. ഇവര്‍ പയ്യനാട് താമരശ്ശേരിയില്‍ നിന്ന് പ്രധാന റോഡില്‍ നിന്ന് മറ്റൊരു വഴിയില്‍ വാഹനം തിരിച്ചു. ഇവിടെ മദ്യപിക്കുകയായിരുന്ന മറ്റൊരു സംഘം വാഹനത്തിന്റെ ലൈറ്റ് താഴ്ത്താന്‍ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉടലെടുത്തത്. കൗണ്‍സിലര്‍ ഇടപെട്ട് വാക്കേറ്റം ഒത്തുതീര്‍പ്പാക്കി.

ഇവര്‍ ഇവിടെ നിന്ന് പിരിഞ്ഞ് പോരുന്നതിനിടെ നേരത്തെ തര്‍ക്കത്തില്‍ ഏര്‍പ്പെട്ട സംഘം ബൈക്കില്‍ പിന്നാലെയെത്തി. പയ്യനാട് താമരശ്ശേരിയില്‍ വെച്ച് ഹെല്‍മറ്റ് ഉപയോഗിച്ച് കാറിന്റെ പിന്നിലെ ഗ്ലാസ് തകര്‍ത്തു. കൗണ്‍സിലറുടെ വാഹനം നിറുത്തിയതോടെ സംഘം ആയുധം ഉപയോഗിച്ച് തലക്ക് അടിക്കുകയായിരുന്നു. തലക്കും നെറ്റിക്കും ആഴത്തില്‍ മുറിവേറ്റ നിലയില്‍ ആദ്യം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് എത്തിച്ചത്.

പിന്നീട് പെരിന്തല്‍മണ്ണയിലേക്ക് മാറ്റുകയായിരുന്നു. നഗരസഭയിലെ 16ാം വാര്‍ഡായ കിഴക്കേത്തലയിലെ മുസ്ലിം ലീഗ് കൗണ്‍സിലറാണ് ഇദ്ദേഹം. മഞ്ചേരി മണ്ഡലം മുസ്ലിം ലീഗ് കൗണ്‍സിലറാണ്.

സംഭവത്തിൽ ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തു. അബ്ദുൽ മജീദ് എന്നയാളെയാണ് കസ്റ്റഡിയിൽ എടുത്തത്. കൂട്ടുപ്രതി ഷുഹൈബിനായി തിരച്ചിൽ ഊർജ്ജിതമാക്കി.

മൃതദേഹം വ്യാഴാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സെന്‍ട്രല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. ഭാര്യ: സൗജത്ത് (മുന്‍ നഗരസഭ കൗണ്‍സിലര്‍). മക്കള്‍: മുഹമ്മദ് സാനില്‍, മുഹമ്മദ് സനു.