ഖത്തറില്‍ റമദാന്‍ മാസത്തില്‍ സര്‍ക്കാര്‍, പൊതുസ്ഥാപനങ്ങളിലെ പ്രവര്‍ത്തന സമയം ക്രമീകരിച്ചു. ദിവസവും അഞ്ച് മണിക്കൂറാകും പ്രവര്‍ത്തന സമയം. നോമ്പു കാലത്ത് എല്ലാ പള്ളികളും പൂര്‍ണമായി തുറക്കുമെന്നും ഔഖാഫ് മന്ത്രാലയം അറിയിച്ചു
മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവ നോമ്പുകാലത്ത് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെയാകും പ്രവര്‍ത്തിക്കുക. ഓഫീസ് പ്രവര്‍ത്തനത്തെ ബാധിക്കില്ലെങ്കില്‍ ജീവനക്കാര്‍ക്ക് ഒരു മണിക്കൂര്‍ വരെ വൈകിയെത്താനും അനുമതിയുണ്ട്. പക്ഷെ അഞ്ച് മണിക്കൂര്‍ ജോലി സമയം ഉറപ്പുവരുത്തണം.
നോമ്പു കാലത്ത് എല്ലാ പള്ളികളിലും സ്ത്രീകള്‍ക്കുള്ള നമസ്കാര കേന്ദ്രങ്ങളും തുറക്കുമെന്ന് ഔഖാഫ് മന്ത്രാലയവും അറിയിച്ചു. അംഗശുദ്ധി വരുത്തുന്നതിനുള്ള സംവിധാനങ്ങള്‍ ക്രമേണ എല്ലാപള്ളികളിലും ഉപയോഗിക്കാനാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.