ബെംഗളൂരു: ക്ഷേത്രോത്സവങ്ങളില്‍ നിന്നും മുസ്ലീം കച്ചവടക്കാരെ വിലക്കണമെന്ന തീവ്ര ഹിന്ദുത്വ സംഘടനകളുടെ ആഹ്വാനം തള്ളി ഉടുപ്പിയിലെ ഹൊസ മാരിഗുഡി ക്ഷേത്രം. ക്ഷേത്രോത്സവത്തിന് മുസ്ലീം കച്ചവടക്കാര്‍ക്ക് സ്റ്റാള്‍ അനുവദിക്കരുതെന്നും, അവരില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുതെന്നുമായിരുന്നു ഹിന്ദുത്വ സംഘടനകളുടെ നിര്‍ദേശം. എന്നാല്‍ ഉത്സവത്തില്‍ മുസ്ലീം കലാകാരന്മാരുടെ ഷഹനായി വാദനവും നടത്തിയാണ് ഹൊസ മാരിഗുഡി ക്ഷേത്രത്തില്‍ ഉത്സവം നടന്നത്.
ക്ഷേത്രോത്സവത്തിനിടെ മുസ്ലീം കച്ചവടക്കാരില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുതെന്ന് ആവശ്യപ്പെട്ട് ക്ഷേത്രത്തിന് മുന്നില്‍ ബഹിഷ്‌കരണ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ബഹിഷ്‌കരണാഹ്വാനം വകവെക്കാതെ ആളുകള്‍ എല്ലാ കച്ചവടക്കാരില്‍ നിന്നും സാധനങ്ങള്‍ വാങ്ങി.
ക്ഷേത്ര പരിസരത്ത് പോലും മുസ്ലീം കച്ചവടക്കാര്‍ക്ക് സ്റ്റാള്‍ അനുവദിക്കരുതെന്ന് സംഘ്പരിവാര്‍ നേതാക്കള്‍ അറിയിച്ചിരുന്നു. ഇതിനായി ക്ഷേത്ര കമ്മിറ്റിയിലും മുന്‍സിപ്പല്‍ കൗണ്‍സിലിലുമടക്കം സമ്മര്‍ദം ചെലുത്തുകയും ചെയ്തിരുന്നു. അതിനാല്‍ ക്ഷേത്ര വളപ്പിന് പുറത്തായാണ് അവര്‍ കച്ചവടം നടത്തിയത്.
അതേസമയം ഉത്സവങ്ങളില്‍ മുസ്ലീം കച്ചവടക്കാരെ വിലക്കുന്നത് മറ്റ് ജില്ലകളിലേക്കും വ്യാപിക്കുകയാണ് ഇപ്പോള്‍. ശിവമൊഗ്ഗ മാരികമ്പക്ഷേത്ര ഉത്സവനഗരിയില്‍ വിലക്ക് ഏര്‍പ്പെടുത്തി തുടക്കമിട്ട ബഹിഷ്‌കരണം ഹാസന്‍, ബംഗളൂരു, തുമകുരു, ചിക്കമംഗളൂരു എന്നിവിടങ്ങളിലും തുടരുകയാണ്. ഇതിനെതിരെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. കഴിഞ്ഞ ദിവസം നിയമമന്ത്രി ഇത് സംബന്ധിച്ച് നിയമസഭയില്‍ സംസാരിച്ചിരുന്നു