ബംഗളൂരു: മുസ്ലിം യുവാവിന്റേതെന്ന പേരിൽ വ്യാജ ഐഡിയുണ്ടാക്കി ഫേസ്ബുക്ക് വഴി വർഗീയ വിദ്വേഷം പരത്തിയ യുവാവിനെ ബാഗൽകോട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ബെളഗാവി ഗോഖക് ഷിൻഡി കുർബെട്ട് വില്ലേജിലെ സിദ്ധരൂഡ ശ്രീകാന്ത് നിരാലെയാണ് (31) അറസ്റ്റിലായത്. മുഷ്താഖ് അലി എന്ന പേരിൽ ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈലുണ്ടാക്കി ഇയാൾ ബി.ജെ.പി എം.എൽ.സി ഡി.എസ്. അരുണിനെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയിരുന്നു.
രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകളുടെയും പത്രവാർത്തകളുടെയും ചുവടുപിടിച്ച് വർഗീയ വിദ്വേഷം വമിക്കുന്ന കമന്റുകളും പോസ്റ്റ് ചെയ്തിരുന്നു. ശിവമൊഗ്ഗയിലെ ബജ്റങ് ദൾ പ്രവർത്തകൻ ഹർഷയുടെ കൊലപാതകത്തെ തുടർന്ന് തുടർച്ചയായി വിദ്വേഷ കമന്റുകൾ ഇട്ടിരുന്നു.
ബി.ജെ.പി എം.എൽ.സിയുടെ പരാതിയിൽ സൈബർ ഇക്കണോമിക് ആൻഡ് നാർകോട്ടിക്സ് വിങ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുകയായിരുന്നു. ഹിന്ദുത്വ സംഘടനകളുടെ പരാതിയിൽ ബാഗൽകോട്ട് പൊലീസും കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.