ചെന്നൈ: ഗോവധ നിരോധം, ഹലാൽ ഭക്ഷണ വിവാദങ്ങൾക്ക് പിന്നാലെ മുസ്‌ലിം വ്യാപാര സ്ഥാപനങ്ങൾ ലക്ഷ്യമിട്ട് തീവ്രഹിന്ദുത്വ ഗ്രൂപ്പുകളുടെ സംഘടിത പ്രചാരണം. ബിരിയാണി വന്ധ്യതയ്ക്ക് കാരണമാകുന്നു എന്ന പ്രചാരണമാണ് സംഘ്പരിവാർ ഗ്രൂപ്പുകൾ അഴിച്ചുവിടുന്നത്. ട്വിറ്റർ, ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ പ്രചാരണം സജീവമാണെന്ന് ദ ന്യൂസ് മിനിറ്റ് റിപ്പോർട്ടു ചെയ്യുന്നു.
ബിരിയാണിയിൽ ജനനനിയന്ത്രണ ഗുളികകൾ ചേർക്കുന്നു, ഹോട്ടൽ ഭക്ഷണത്തിൽ തുപ്പുന്നു തുടങ്ങിയ പ്രചാരണങ്ങളും നടക്കുന്നുണ്ട്. ഇരുപതിനായിരം ഫോളോവേഴ്‌സുള്ള ഒരു ട്വിറ്റർ യൂസർ, ചെന്നൈയിലെ ബിരിയാണിക്കടകൾ വിവാഹം കഴിക്കാത്തവരെ ലക്ഷ്യമിടുന്നതായി ആരോപിച്ച് ദീർഘമായ കുറിപ്പിട്ടുണ്ട്. ഹിന്ദുക്കൾ വന്ധ്യതാ കേന്ദ്രങ്ങളിൽ വരി നിൽക്കുന്നതു പോലെയാണ് ഈ കടകളിൽ നിൽക്കുന്നത് എന്ന് ഇയാൾ ആരോപിക്കുന്നു. ഹിന്ദുക്കളെ വന്ധ്യംകരിക്കുക മാത്രമാണ് ഈ കടകളുടെ ഏകലക്ഷ്യമെന്നും അദ്ദേഹം അവകാശപ്പെടുന്നു.
ചെന്നൈയിലെ നാൽപ്പതിനായിരം ബിരിയാണിക്കടകൾ ദേശത്തിന്റെ സംസ്‌കാരത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നതെന്ന്' മറ്റൊരു ട്വിറ്റർ യൂസർ പറയുന്നു. ശ്രദ്ധിച്ചില്ലെങ്കിൽ അമ്പത് വർഷത്തിനു ശേഷം ദ ചെന്നൈ ഫയൽസിൽ നമ്മൾ ഇതിവൃത്തമാകുമെന്നും യൂസർ മുന്നറിയിപ്പു നൽകുന്നു. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ബോളിവുഡ് സിനിമ ദ കശ്മീർ ഫയൽസിനെ സൂചിപ്പിച്ചാണ് ഇദ്ദേഹത്തിന്റെ ട്വീറ്റ്.
കഴിഞ്ഞ വർഷം ആഗസ്റ്റിൽ രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ഹൈവേകൾക്ക് സമീപമുള്ള മുസ്‌ലിം റസ്റ്ററൻഡുകളെ ലക്ഷ്യമിട്ട് ഇത്തരത്തിലുള്ള പ്രചാരണം നടന്നിരുന്നു. ഭക്ഷണത്തിൽ വന്ധ്യതാ ഗുളികകൾ ചേർക്കുന്നു എന്നായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ബിരിയാണി ജിഹാദ് ഇൻ കോയമ്പത്തൂർ എന്ന പേരിലും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടിരുന്നു. ചിത്രം വൈറലായതിന് പിന്നാലെ, വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത് എന്നാവശ്യപ്പെട്ട് കോയമ്പത്തൂർ സിറ്റി പൊലീസ് പ്രസ്താവനയിറക്കിയിരുന്നു