ഫിഫ ലോകകപ്പ് ഖത്തർ രണ്ടാംഘട്ട ടിക്കറ്റ് ബുക്കിങ് ഏപ്രില്‍ അഞ്ച് മുതല്‍




News Desk

ഈ വർഷം ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിന്‍റെ രണ്ടാംഘട്ട ടിക്കറ്റ് ബുക്കിങ് ഏപ്രില്‍ അഞ്ചിന് തുടങ്ങും. റാന്‍ഡം നറുക്കെടുപ്പ് വഴി തന്നെയാകും ഇത്തവണയും ടിക്കറ്റ് നല്‍കുക. ആദ്യഘട്ടത്തില്‍ എട്ട് ലക്ഷത്തിലേറെ ടിക്കറ്റുകളാണ് ഫിഫ വിറ്റഴിച്ചത്.

ആദ്യഘട്ട ടിക്കറ്റ് ബുക്കിങ് വഴിയും ടിക്കറ്റ് വില്‍പ്പന വഴിയും ആകെ 80,4186 ടിക്കറ്റുകളാണ് ഫിഫ വിറ്റഴിച്ചത്. ഖത്തറില്‍ നിന്നുള്ള ആരാധകരാണ് ഇതില്‍ കൂടുതല്‍ ടിക്കറ്റുകള്‍ സ്വന്തമാക്കിയത്. അമേരിക്ക, ഇംഗ്ലണ്ട്, മെക്സിക്കോ, യുഎഇ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ആരാധകരാണ് പിന്നില്‍. 

ഏപ്രില്‍ അഞ്ചിനാണ് രണ്ടാംഘട്ട ടിക്കറ്റ് ബുക്കിങ് തുടങ്ങുന്നത്. ചൊവ്വാഴ്ച ഖത്തര്‍ സമയം‌ ഉച്ചയ്ക്ക് 12 മണി മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. റാന്‍ഡം നറുക്കെടുപ്പ് വഴി തന്നെയാണ് ഇത്തവണയും ടിക്കറ്റ് നല്‍കുന്നത്. ലോകകപ്പ് ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് വെള്ളിയാഴ്ച നടക്കുന്നതിനാല്‍ രണ്ടാംഘട്ടത്തില്‍ ഇഷ്ട ടീമുകളുടെ മത്സരത്തിന് മാത്രമായി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൌകര്യമുണ്ട്. 

ആകെയുള്ള ടിക്കറ്റുകളുടെ മൂന്നിലൊന്നാണ് ആദ്യഘട്ടത്തില്‍ നല്‍കിയത്. ഇതിനായി ഒരു കോടി എഴുപത് ലക്ഷത്തിലേറെ പേര്‍ അപേക്ഷിച്ചിരുന്നു. രണ്ടാംഘട്ടത്തില്‍ എത്ര ടിക്കറ്റുകള്‍ ലഭിക്കുമെന്ന് ഫിഫ വ്യക്തമാക്കിയിട്ടില്ല