കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ മലയാളി സൂപ്പർ താരം സഹൽ അബ്ദുൽ സമദിന് യൂറോപ്പിൽ പന്തു തട്ടാൻ അവസരമൊരുങ്ങുന്നു. ഇംഗ്ലീഷ് സെക്കൻഡ് ഡിവിഷൻ ക്ലബായ ബ്ലാക്‌ബേൺ റോവേഴ്‌സ് താരത്തെ നാലാഴ്ചത്തെ ട്രയലിനായി വിളിച്ചതായി എഐഎഫ്എഫുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. നേരത്തെ സഹൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിൽ പ്രമുഖ ഫുട്‌ബോൾ ഏജന്റായ ബൽജിത് റിഹാൽ കമന്റ് ചെയതതും അഭ്യൂഹങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്.
കറുത്ത ടീ ഷർട്ടും പാന്റും ധരിച്ച് വിജയ ചിഹ്നം കാണിച്ചു നിൽക്കുന്ന ചിത്രത്തിന് താഴെ, ഇനി നിങ്ങൾക്ക് ലണ്ടനിലേക്ക് വരാം എന്നായിരുന്നു ബൽജിതിന്റെ പോസ്റ്റ്. ആഗോള സ്‌പോട്‌സ് കൺസൽട്ടന്റായ ഇൻവന്റീവ് സ്‌പോട്‌സിന്റെ സിഇഒ കൂടിയാണ് ഇദ്ദേഹം. സഹൽ, നെയിയുസ് വാൽസ്‌കിസ്, ജോബി ജസ്റ്റൻ, ഇയാൻ ഹ്യൂം, കോച്ച് സ്റ്റീവ് കോപ്പൽ, രാഹുൽ കെപി തുടങ്ങിയവർ കമ്പനിയുടെ ക്ലൈന്റുകളാണ്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ മികച്ച കളിയാണ് സഹൽ പുറത്തെടുത്തിരുന്നത്. 21 കളികളിൽനിന്ന് ആറു ഗോളുകൾ നേടിയ താരം ഒരു അസിസ്റ്റും നൽകി. 2017-18 സീസണിലാണ് ബ്ലാസ്‌റ്റേഴ്‌സിനായി ആദ്യം ബൂട്ടണിഞ്ഞത്. ആ സീസണിൽ ടൂർണമെന്റിലെ എമർജിങ് പ്ലേയറായി. കഴിഞ്ഞ സീസണിൽ പരിക്കു മൂലം താരത്തിന് അവസാന രണ്ടു കളികൾ നഷ്ടമായിരുന്നു. 2025 വരെ ബ്ലാസ്റ്റേഴ്സുമായി കരാറുള്ള താരത്തിന് പതിവു പോലെ മറ്റു ഐഎസ്എല്‍ ക്ലബുകളില്‍ നിന്നും ഓഫറുകളുണ്ട്.