യുവതിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് തീ പടർന്ന് മരിച്ചു




News Desk

കോഴിക്കോട്: യുവതിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് തീ പടർന്ന് മരിച്ചു. കോഴിക്കോട് നാദാപുരം ജാതിയേരിയിൽ പുലർച്ചെ രണ്ടിനാണ് സംഭവം. കല്ലുമ്മൽ പൊൻപറ്റ സ്വദേശി രത്നേഷ് (42) ആണ് മരിച്ചത്. സംഭവത്തിൽ യുവതിക്കും സഹോദരനും അമ്മക്കും പരിക്കേറ്റു. 

വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടിലെത്തി അക്രമം നടത്തുകയായിരുന്നു. ഇരുമ്പ് ഗോവണി ഉപയോഗിച്ച് ഇരുനില കോൺക്രീറ്റ് വീടിന്റെ മുകൾ നിലയിൽ കയറിയ രത്നേഷ്, വാതിൽ തകർത്ത് കിടപ്പുമുറിക്ക് തീവെക്കുകയായിരുന്നു. തീപിടിക്കുന്നത് കണ്ട അയൽവാസി ബഹളംവെച്ചാണ് വിവരം നാട്ടുകാരെ അറിയിച്ചത്. 

നാട്ടുകാർ എത്തിയതോടെ ടെറസിൽ നിന്ന് താഴെയിറങ്ങിയ രത്നേഷ് ശരീരത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ശരീരത്തിൽ തീപടർന്ന രത്നേഷ് വീടിന്‍റെ ഗേറ്റിന് സമീപം വീണു. യുവതിയുടെ വീടിന്‍റെ അരകിലോമീറ്റർ അകലെയാണ് രത്നേഷ് താമസിക്കുന്നത്. 

പൊള്ളലേറ്റ മൂന്നു പേരെയും വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. രത്നേഷിന്‍റെ മൃതദേഹം വടകര ഗവൺമെന്‍റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രത്നേഷ് ഇലക്ട്രിക്കൽ ജോലി ചെയ്യുന്ന ആളാണ്. നാദാപുരം ഡിവൈ.എസ്.പി ടി.പി. ജേക്കബ്, വളയം സി.ഐ എ. അജീഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി