കശ്മീർ ഫയൽസ് എന്ന സിനിമക്ക് നികുതി ഒഴിവാക്കാൻ ആവശ്യപ്പെട്ട ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ''സംവിധായകൻ വിവേക് അഗ്നിഹോത്രിയോട് സിനിമ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാൻ പറയൂ. അപ്പോൾ എല്ലാവർക്കും സൗജന്യമായി കാണാമല്ലോ''-കെജരിവാൾ പറഞ്ഞു.
കശ്മീർ ഫയൽസിന് നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബിജെപി എംഎൽഎമാർ നിയമസഭ തടസ്സപ്പെടുത്തിയിരുന്നു. ''കശ്മീരി പണ്ഡിറ്റുകളുടെ പേരിൽ ചിലയാളുകൾ കോടികളാണ് സമ്പാദിച്ചത്. പോസ്റ്ററുകൾ ഒട്ടിക്കുന്ന പണിയാണ് നിങ്ങളെ ഏൽപ്പിച്ചിരിക്കുന്നത്''- ബിജെപി അംഗങ്ങളോട് കെജ്‌രിവാൾ പറഞ്ഞു.
ബിജെപി ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങൾ സിനിമക്ക് നികുതി ഒഴിവാക്കി നൽകിയിരുന്നു. ബിഹാർ, മധ്യപ്രദേശ്, ഹരിയാന, ഉത്തർപ്രദേശ്, ഗുജറാത്ത്, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് നികുതി ഒഴിവാക്കിയത്.
RT if you want @vivekagnihotri to upload #TheKashmirFiles on YouTube for FREE 🙏🏻pic.twitter.com/gXsxLmIZ09https://t.co/OCTJs1Bvly
— AAP (@AamAadmiParty) March 24, 2022
കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിൽ ഞാൻ ഉത്തരവാദിയെങ്കിൽ തൂക്കിലേറാൻ തയാർ'': ഫാറൂഖ് അബ്ദുല്ല
കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന് താൻ ഉത്തരവാദിയാണെന്ന് കണ്ടെത്തിയാൽ രാജ്യത്തെവിടെവെച്ചും തൂക്കിലേറാൻ തയാറാണെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുല്ല. സത്യസന്ധനായ ഒരു ജഡ്ജിയേയോ സമിതിയേയോ അന്വേഷണത്തിന് നിയോഗിച്ചാൽ സത്യം പുറത്തുവരും. താൻ ഉത്തരവാദിയാണെന്ന് കണ്ടെത്തിയാൽ വിചാരണ നേരിടാൻ തയാറാണെന്നും നിരപരാധികളെ കുറ്റപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണത്തിനായി ഒരു കമ്മീഷനെ നിയോഗിക്കണം. പണ്ഡിറ്റുകൾക്കൊപ്പം തന്നെ കശ്മീരിലെ സിഖുകാർക്കും മുസ്‌ലിംകൾക്കും എന്ത് സംഭവിച്ചെന്ന് കണ്ടെത്തണം. തന്റെ മന്ത്രിമാർ, എംഎൽഎമാർ, ചെറുകിട തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ മാംസാവശിഷ്ടങ്ങൾ മരത്തിന്റെ മുകളിൽ നിന്നാണ് ശേഖരിച്ചത്. അത്ര ഭീകരമായ സാഹചര്യമാണ് അന്ന് നേരിട്ടതെന്നും ഫാറൂഖ് അബ്ദുല്ല ചൂണ്ടിക്കാട്ടി.
കശ്മീർ ഫയൽസ് എന്ന സിനിമക്ക് നികുതി ഒഴിവാക്കിയതിലൂടെ ആളുകളുടെ മനസ്സുകളിൽ വെറുപ്പ് നിറയ്ക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ''വെറുപ്പുകൊണ്ട് ആളുകളുടെ ഹൃദയത്തിലേക്ക് കൂടുതൽ തുളച്ചുകയറാൻ അവർ ആഗ്രഹിക്കുന്നു. ഹിറ്റ്‌ലറും ഗീബൽസും സൃഷ്ടിച്ച ജർമനിയിൽ സൃഷ്ടിച്ചപോലെ നമ്മളെ അങ്ങേയറ്റം വെറുക്കുന്ന തരത്തിൽ എല്ലാ പൊലീസുകാരും പട്ടാളക്കാരും ഈ സിനിമ കാണണമെന്ന് അവർ പറയുന്നു. ആറ് ദശലക്ഷം ജൂതൻമാർക്ക് അന്ന് വില നൽകേണ്ടി വന്നു. ഇന്ത്യയിൽ എത്രപേർക്ക് വില നൽകേണ്ടിവരുമെന്ന് എനിക്കറിയില്ല''-ഫാറൂഖ് അബ്ദുല്ല പറഞ്ഞു.