റഷ്യയുടെ യുക്രൈന്‍ ആക്രമണത്തിനെതിരെ ലോകമെമ്പാടും പ്രതിഷേധം അലയടിക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ #StandWithUkraine എന്ന ഹാഷ് ടാഗുകള്‍ കൊണ്ടു നിറഞ്ഞിരിക്കുന്നു. യുദ്ധം ആരംഭിച്ചതിന് മണിക്കൂറുകള്‍ കഴിയുന്നതിനു മുന്‍പേ ന്യൂയോര്‍ക്ക് നഗരത്തില്‍ യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങളുമായി ആയിരങ്ങള്‍ നിരത്തിലിറങ്ങി. യുക്രൈന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രാജ്യത്തിന്‍റെ പതാകയും കയ്യിലേന്തിയായിരുന്നു പ്രതിഷേധക്കാരുടെ പ്രകടനം.
ഏകദേശം 500 പ്രതിഷേധക്കാർ റഷ്യയുടെ പെര്‍മനന്‍റ് മിഷൻ സ്ഥിതിചെയ്യുന്ന ഐക്യരാഷ്ട്രസഭയുടെ കെട്ടിടത്തിന് പുറത്ത് റാലി നടത്തി.ജോർജിയയിൽ നിന്നുള്ള ഒരു കൂട്ടം പ്രതിഷേധക്കാരെപ്പോലെ ബെലാറഷ്യക്കാരും റഷ്യക്കാരും പ്രതിഷേധക്കാര്‍ക്കൊപ്പം ചേർന്നു. പുടിന്‍റെ മുന്നേറ്റം തടയാൻ യുക്രൈനിന് കൂടുതൽ സാമ്പത്തികവും തന്ത്രപരവുമായ പിന്തുണ വാഗ്ദാനം ചെയ്യണമെന്ന് പ്രതിഷേധക്കാരിൽ ചിലർ പറഞ്ഞു.
അമേരിക്കയില്‍ വാഷിംഗ്ടൺ, ഡിസി, ലോസ് ഏഞ്ചൽസ്, ചിക്കാഗോ തുടങ്ങിയ സ്ഥലങ്ങളിലും പ്രതിഷേധം നടന്നു. യുക്രൈനിലെ തങ്ങളുടെ കുടുംബത്തെയും സുഹൃത്തുക്കളെയും ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോൾ ചില പ്രതിഷേധക്കാർ പൊട്ടിക്കരഞ്ഞുവെന്ന് ഡെൻവർ പോസ്റ്റ് റിപ്പോർട്ടറായ എലിസബത്ത് ഹെർണാണ്ടസ് ട്വീറ്റ് ചെയ്തു. കാലിഫോർണിയയിലെ വെസ്റ്റ് വുഡിലുള്ള ഫെഡറൽ കെട്ടിടത്തിന് പുറത്തും പ്രതിഷേധക്കാര്‍ റാലി നടത്തി.
ലണ്ടനിലെ റഷ്യൻ എംബസിക്ക് മുന്നിലും പ്രധാനമന്ത്രി ബോറിസ് ജോൺസന്‍റെ വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റിന് മുന്നിലും യുദ്ധവിരുദ്ധ പ്രതിഷേധങ്ങള്‍ നടന്നു. 'യുദ്ധം അവസാനിപ്പിക്കുക, പുടിന്‍ നിര്‍ത്തുക' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉച്ചത്തില്‍ വിളിച്ച് യുക്രൈന്‍ പതാകകള്‍ വീശിയായിരുന്നു പ്രകടനം. സ്പെയിനില്‍ മാഡ്രിഡിലെ റഷ്യൻ എംബസിക്ക് മുന്നിൽ തടിച്ചുകൂടിയ പ്രതിഷേധക്കാരിൽ നടൻ ഹാവിയർ ബാർഡെമും ഉൾപ്പെടുന്നു.മറ്റ് പ്രതിഷേധക്കാർ ബാഴ്‌സലോണയിലെ റഷ്യൻ കോൺസുലേറ്റിന് മുന്നിൽ ഒത്തുകൂടി. യുക്രൈനെതിരായ ആക്രമണത്തെ അപലപിച്ച് ജപ്പാനിലും പ്രതിഷേധങ്ങള്‍ നടന്നു. ടോക്കിയോയിലെ ഷിബുയ സ്റ്റേഷന് പുറത്ത് തടിച്ചുകൂടിയ പ്രതിഷേധക്കാര്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. പോളണ്ടിലെ റഷ്യന്‍ എംബസിക്കു മുന്നിലും പ്രതിഷേധം സംഘടിപ്പിച്ചു.
റഷ്യയിലെ 40 ലധികം നഗരങ്ങളിൽ യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങൾ നടന്നു. നൂറുകണക്കിന് പ്രതിഷേധക്കാരാണ് സെന്‍റ്.പീറ്റേഴ്സ്ബര്‍ഗിലും മോസ്കോയിലും ഒത്തുകൂടിയത്. പുടിന്‍ ഹിറ്റ്ലറാണ് എന്നെഴുതിയ പ്ലക്കാര്‍ഡുകളും ഫോട്ടോയുമൊക്കെ കൈകളിലേന്തിയായിരുന്നു പ്രതിഷേധം.