ന്യൂഡല്‍ഹി: വിവാദ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ താരപദവിയിലേക്ക് ഉയര്‍ന്ന് ഫാഷന്‍ ലോകത്ത് ചുവടുറപ്പിച്ചതിനു പിന്നാലെയായിരുന്നു 'മനുഷ്യരാശിയെ സേവിക്കുന്നതിനും തന്റെ സ്രഷ്ടാവിന്റെ കല്‍പ്പനകള്‍ പാലിക്കുന്നതിനും' നടി സന ഖാന്‍ 2020ല്‍ സിനിമാ - വിനോദ വ്യവസായ മേഖല പാടെ ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച് ആരാധക വൃന്ദത്തെ ഞെട്ടിച്ചത്.
അഭിനയം ഉപേക്ഷിച്ച ബോളിവുഡ് മുന്‍ താരം സന ഖാന്റെ പാത പിന്തുടരുകയാണെന്നാണ് നടിയും ബിഗ് ബോസ് മത്സാര്‍ത്ഥിയുമായ മെഹ്ജബി സിദ്ദീഖി പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു വര്‍ഷമായി സന ഖാന്‍ തന്റെ ജീവിതത്തിലെ പ്രചോദനമാണെന്നും ഇനി മുതല്‍ ഹിജാബ് ധരിക്കുമെന്നും മെഹ്ജബി വ്യക്തമാക്കി. വിനോദ വ്യവസായ മേഖല പാടെ ഉപേക്ഷിക്കുകയാണെന്നും അവര്‍ പ്രഖ്യാപിച്ച് കഴിഞ്ഞു.
സല്‍മാന്‍ ഖാന്‍ അവതാരകനായ റിയാലിറ്റി ഷോയുടെ പതിനൊന്നാം സീസണില്‍ പങ്കെടുത്ത മെഹ്ജാബി സിദ്ദിഖി, താനും 'സ്രഷ്ടാവിനെ അനുസരിക്കാന്‍' തീരുമാനിച്ചിട്ടുണ്ടെന്നും ഇനി എപ്പോഴും ഹിജാബ് ധരിക്കുമെന്നുമാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
'രണ്ടു വര്‍ഷമായി താന്‍ ഏറെ വിഷമത്തിലാണ്. സുഖമായിരിക്കാന്‍ എന്തു ചെയ്യണം എന്നതില്‍ ഒരു ധാരണയുമില്ലായിരുന്നു. ഒരാള്‍ പാപം ചെയ്താല്‍ പാപത്തിന്റെ അപമാനം ചെറിയ സമയത്തിനുള്ളില്‍ അവസാനിക്കും. എന്നാല്‍ മോശം പ്രവൃത്തികള്‍ മരണം വരെ പിന്തുടരുന്നു. യഥാര്‍ത്ഥ ജീവിതം മറന്ന് നശ്വരമായ ജീവിതത്തിലായിരുന്നു ഞാനെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു'- മെഹ്ജബി കുറിച്ചു.
ദൈവത്തോട് അനുസരക്കേട് കാണിച്ചാല്‍ മനുഷ്യന് ഒരിക്കലും സമാധാനം ലഭിക്കില്ല. മനുഷ്യരെ എത്ര ആനന്ദിപ്പിക്കാന്‍ ശ്രമിച്ചാലും എത്ര സമയം കൊടുത്താലും ആളുകള്‍ നിങ്ങളെ ഒരിക്കലും അഭിനന്ദിക്കില്ല. അല്ലാഹുവിനെ പ്രീതിപ്പെടുത്താന്‍ സമയം ചെലവഴിക്കുന്നതാണ് നല്ലത്. അത് നിങ്ങളെയും എന്നെയും മികച്ചതാക്കുന്നു'- അവര്‍ കൂട്ടിച്ചേര്‍ത്തു.
സന ഖാന്‍ തന്റെ ജീവിതത്തെ പ്രചോദിപ്പിച്ചതിനെ കുറിച്ചും മെഹ്ജബി കുറിച്ചിട്ടുണ്ട്. 'ഒരു വര്‍ഷമായി ഞാന്‍ സനാ ഖാനെ പിന്തുടരുന്നുണ്ട്. അവരുടെ വാക്കുകള്‍ ഇഷ്ടമാണ്. അവരുടെ വീഡിയോ കാണുന്നത് എന്നിലെ മതത്തെ ഉണര്‍ത്തി'.'അല്ലാഹുവോട് പശ്ചാത്തപിച്ച് മടങ്ങിയതിലൂടെ എനിക്ക് ലഭിച്ച സന്തോഷം വാക്കുകളില്‍ വിവരിക്കാനാവില്ല. അല്ലാഹുവിനെ ആരാധിച്ചതിലൂടെയാണ് എനിക്ക് ആഹ്ലാദം ലഭിച്ചത്. എല്ലായ്‌പ്പോഴും ഹിജാബ് ധരിക്കാന്‍ ഞാന്‍ തീരുമാനിച്ചു. എന്റെ പാപങ്ങള്‍ ദൈവം പൊറുക്കട്ടെ. നേര്‍മാര്‍ഗത്തിലൂടെ സഞ്ചരിക്കാനുള്ള ശക്തി നല്‍കട്ടെ'-മെഹജബി കുറിച്ചു.
2020 ഒക്ടോബറിലാണ് പ്രമുഖ ബോളിവുഡ് നടി കൂടിയായിരുന്ന ബിഗ് ബോസ് താരം സന ഖാന്‍ എന്റര്‍ടൈന്‍മെന്റ് മേഖലയില്‍ നിന്ന് പിന്‍വാങ്ങിയത്.