ഇത്തവണ ടീം സെലെക്ഷൻ പാളിയോ? സൺറൈസേസ് ഹൈദ്രബാദ് വിലയിരുത്തൽ




News Desk

ഐപിഎൽ ലേലത്തിനു മുൻപ് റാഷിദ് ഖാനെപ്പോലും നിലനിർത്താതിരുന്ന ടീമാണ് സൺറൈസേഴ്സ് ഹൈദരാബാദ്. പകരം 14 കോടി രൂപ നൽകി നിലനിർത്തിയത് ന്യൂസീലൻഡ് ക്യാപ്റ്റൻ കെയിൻ വില്ല്യംസണെ. വില്ല്യംസണൊപ്പം ജമ്മു കശ്മീർ പേസർ ഉമ്രാൻ മാലിക്ക്, ജമ്മു കശ്മീർ ഓൾറൗണ്ടർ അബ്ദുൽ സമദ് എന്നിവരെയും സൺറൈസേഴ്സ് നിലനിർത്തി. ഇതിൽ ഉമ്രാൻ ഫൈനൽ ഇലവനിലെത്തുമോ എന്ന് പോലും സംശയമായിരുന്നു. അത്ര മോശം തന്ത്രങ്ങളാണ് സൺറൈസേഴ്സ് മാനേജ്മെൻ്റിൻ്റേത്. ഈ മണ്ടത്തരങ്ങളിൽ ചിലത് അവർ ലേലത്തിലും കാണിച്ചു. അതിൻ്റെ ഫലമെന്നോണം സഹപരിശീലകൻ സൈമൺ കാറ്റിച്ച് സ്ഥാനമൊഴിയുകയും ചെയ്തു

ചില നല്ല വാങ്ങലുകൾ നടത്തിയെങ്കിലും ലേലത്തിൽ ഒരു ധാരണയില്ലാതെയാണ് സൺറൈസേഴ്സ് ഇടപെട്ടത്. മറ്റ് ഫ്രാഞ്ചൈസികളുടെ തന്ത്രം പൊളിക്കാനുള്ള തിരക്കിനിടെ സ്വന്തം ടീമിനു വേണ്ടതെന്തെന്ന് മനസ്സിലാക്കാൻ സൺറൈസേഴ്സിനു സാധിച്ചില്ല. ഏറ്റവും കൂടുതൽ താരങ്ങൾക്കായി കൈ ഉയർത്തിയ ഫ്രാഞ്ചൈസികളിൽ ഒന്നായിരുന്നു സൺറൈസേഴ്സ്.

എയ്ഡൻ മാർക്രം, രാഹുൽ ത്രിപാഠി, നിക്കോളാസ് പൂരാൻ, മാർക്കോ ജാൻസെൻ, വിഷ്ണു വിനോദ് എന്നീ താരങ്ങളാണ് സൺറൈസേഴിൻ്റെ പർച്ചേസുകളിൽ ശ്രദ്ധേയമായത്. ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാർക്രത്തെ വെറും 2.60 കോടി രൂപയ്ക്ക് ടീമിലെത്തിച്ചത് വലിയ നേട്ടമാണ്. ടോപ്പ് ഓർഡറിൽ വിശ്വസിക്കാവുന്ന താരമാണ് മാർക്രം. പവർപ്ലേയിൽ നിയന്ത്രണത്തോടെ പന്തെറിയാനുള്ള മിടുക്കുമുണ്ട്. കഴിഞ്ഞ വർഷം പഞ്ചാബ് കിംഗ്സിനു വേണ്ടി 6 മത്സരങ്ങൾ കളിച്ച താരം 123 സ്ട്രൈക്ക് റേറ്റിൽ നേടിയത് 146 റൺസാണ്. 2 മത്സരങ്ങളിൽ പന്തെറിഞ്ഞ താരം വിക്കറ്റൊന്നും വീഴ്ത്തിയില്ലെങ്കിലും ഓവറിൽ വിട്ടുകൊടുത്തത് 6 റൺസിനു താഴെ. രാജ്യാന്തര ടി-20യിൽ 20 മത്സരങ്ങൾ കളിച്ച മാർക്രം 147 സ്ട്രൈക്ക് റേറ്റിൽ 588 റൺസ് നേടി. 39 ആണ് ശരാശരി. 7.44 എക്കോണമിയിൽ 5 വിക്കറ്റുകളും താരത്തിനുണ്ട്. ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന മാർക്രമിനായി പഞ്ചാബ്, മുംബൈ ടീമുകൾ ശ്രമിച്ചെങ്കിലും സൺറൈസേഴ്സ് വിട്ടുകൊടുത്തില്ല.

ഐപിഎലിൽ കളിച്ചുതെളിയിച്ച താരമാണ് രാഹുൽ ത്രിപാഠി. 8.50 കോടി രൂപയാണ് മുൻ കൊൽക്കത്ത താരമായ ത്രിപാഠിക്കായി സൺറൈസേഴ്സ് ചെലവഴിച്ചത്. ഇത് ഒട്ടും അധികമല്ല. മുൻ സീസണുകളിൽ ഫിനിഷറായിരുന്നെങ്കിലും കൊൽക്കത്തയിൽ ഓപ്പണറായും ടോപ്പ് ഓർഡറിലുമൊക്കെ കളിച്ച് മികച്ച റെക്കോർഡുള്ള താരമാണ് ത്രിപാഠി. 62 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 136 സ്ട്രൈക്ക് റേറ്റിൽ 1385 റൺസാണ് ത്രിപാഠിയുടെ സമ്പാദ്യം. 40 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ത്രിപാഠിക്കായി ചെന്നൈ, കൊൽക്കത്ത ടീമുകളാണ് ഹൈദരാബാദിനോട് പോരടിച്ചത്.

പ്രൂവൻ മാച്ച് വിന്നറാണ് വിൻഡീസ് വൈസ് ക്യാപ്റ്റൻ നിക്കോളാസ് പൂരാൻ. അനായാസം സിക്സറുകൾ നേടാനുള്ള കഴിവ് പൂരാനെ വേറിട്ടുനിർത്തുന്നു. 33 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 155 സ്ട്രൈക്ക് റേറ്റിൽ 606 റൺസാണ് പൂരാനുള്ളത്. 57 രാജ്യാന്തര മത്സരങ്ങളിൽ നിന്ന് 129 സ്ട്രൈക്ക് റേറ്റിൽ 1194 റൺസും പൂരാനുണ്ട്. ഇന്ത്യക്കെതിരായ ടി-20 പര്യടനത്തിൽ മൂന്ന് മത്സരങ്ങളിലും ഫിഫ്റ്റിയടിച്ച് തകർപ്പൻ ഫോമിലാണ് താരം. എന്നാൽ, പൂരാനു വേണ്ടി പൊടിച്ച 10.75 കോടി രൂപയാണ് പ്രശ്നം. മികച്ച സ്ട്രൈക്ക് റേറ്റുണ്ടെങ്കിലും 22 മാത്രമാണ് ഐപിഎലിൽ പൂരാൻ്റെ ശരാശരി. സ്ഥിരതയില്ല. ഇത്ര വലിയ തുക പൂരാനു വേണ്ടി ചെലവഴിച്ചത് കാറ്റിച്ചിൻ്റെ സ്ഥാനമൊഴിയലിൽ സുപ്രധാന പങ്കുവഹിച്ചു എന്ന് റിപ്പോർട്ടുകളുണ്ട്. ഒന്നരക്കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന പൂരാനെ സ്വന്തമാക്കാൻ ചെന്നൈയും കൊൽക്കത്തയും ശ്രമിച്ചിരുന്നു